ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 12പേർക്ക് പരിക്ക്, രണ്ടുപേർ ഗുരുതരാവസ്ഥയിൽ

Thursday 01 January 2026 11:59 AM IST

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്. കരിങ്കുന്നത്തിന് സമീപം തൊടുപുഴ - പാല പാതയിലാണ് അപകടമുണ്ടായത്. തൃശൂർ സ്വദേശികളായ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

ശബരിമല ദർശനം നടത്തി മടങ്ങുമ്പോഴാണ് റോഡിലെ വളവിൽ നിയന്ത്രണംവിട്ട് ബസ് മറിഞ്ഞത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയും പൊലീസും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആകെ 20പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് കുറച്ചുസമയം റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു.