ട്രെയിനിൽ ആക്രമണം; പൊലീസുകാരന് പരിക്ക്; സംഭവം കോട്ടയം ചിങ്ങവനത്ത്
കോട്ടയം: ട്രെയിൻ യാത്രക്കാരന്റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. ഇന്നലെ രാത്രി പത്തുമണിയോടെ കോട്ടയം ചിങ്ങവനം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം - മംഗലാപുരം മലബാർ എക്‌സ്‌പ്രസിലെ യാത്രക്കാരനാണ് പൊലീസിനെ ആക്രമിച്ചത്.
കൊല്ലം - എറണാകുളം റൂട്ടിൽ ഡ്യൂട്ടിക്ക് കയറിയ ചെങ്ങന്നൂർ സ്വദേശിയായ സനൽ കുമാർ എന്ന പൊലീസുകാരനാണ് ആക്രമണത്തിനിരയായത്. പ്രതിയായ പത്തനംതിട്ട സ്വദേശി അനിൽ കുമാർ പൊലീസുകാരനെ കത്തിവീശി ആക്രമിക്കുകയായിരുന്നു. നിസാര പരിക്കുകൾ മാത്രമാണ് ഇദ്ദേഹത്തിനുള്ളത്.
അമിതമായി മദ്യപിച്ച അനിൽ കുമാറും ടിടിഇയുമായി വാക്കുതർക്കം നടന്നിരുന്നു. ഇതിൽ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടപ്പോഴാണ് അദ്ദേഹത്തിനുനേരെ ആക്രമണമുണ്ടായത്. കത്തിവീശലിൽ സനൽ കുമാറിന്റെ വയറിന് മുകളിൽ ഇടതുഭാഗത്തായാണ് പരിക്കേറ്റത്. മറ്റ് പൊലീസുകാരും ട്രെയിൻ യാത്രക്കാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റതിനുശേഷവും ഡ്യൂട്ടി തുടർന്ന സനൽ കുമാർ എറണാകുളത്തെത്തിയാണ് ചികിത്സ തേടിയത്.