'മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നത്, ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകും'
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ചാനലുകളിലൂടെയാണ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്നറിഞ്ഞതെന്നും എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നതെന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
'തനിക്ക് ഒരു ഭയവുമില്ല, സോണിയ ഗാന്ധിയെ കാണാൻ ഞാൻ അപ്പോയിൻമെന്റ് എടുത്തിട്ടില്ല. കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചു. ഞാൻ പോയി. ബാക്കി കാര്യങ്ങൾ പ്രത്യേക അന്വേഷണ സംഘം വിളിപ്പിക്കുമ്പോൾ ഉറപ്പായും മാദ്ധ്യമങ്ങളെ അറിയിക്കും. എവിടെയും ഒളിച്ചോടി പോകില്ല'- അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന വാർത്തയോട് സ്വാമിയേ ശരണമയ്യപ്പായെന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അടൂർ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന വിവരം പുറത്തുവന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയതിനുപിന്നാലെയായിരുന്നു നടപടി. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണാൻ പോകുമ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നതായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെയുള്ള പരിചയം മാത്രമേയുള്ളൂവെന്നും തന്റെ മണ്ഡലത്തിൽ താമസിക്കുന്ന വ്യക്തിയെന്ന നിലയിലുള്ള ബന്ധമാണുള്ളതെന്നും അടൂർ പ്രകാശ് നേരത്തെ പ്രതികരിച്ചിരുന്നു. തെളിവുണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കട്ടെയെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.