ചോദ്യംചെയ്യലിൽ കരച്ചിലിന്റെ വക്കിലെത്തി കടകംപള്ളി സുരേന്ദ്രൻ, ഡൽഹി യാത്രയെക്കുറിച്ച് മൊഴിനൽകി ഉണ്ണികൃഷ്ണൻ പോറ്റി

Thursday 01 January 2026 12:49 PM IST

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) മൊഴിനൽകി ശബരിമല സ്വർണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി. കൂടിക്കാഴ്ചസംബന്ധിച്ച വിശദാംശങ്ങളാണ് നൽകിയതെന്നാണ് വിവരം. ഇതിനൊപ്പം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ മൊഴികൾ സംബന്ധിച്ചും അന്വേഷണസംഘം പോറ്റിയിൽ നിന്ന് വ്യക്തത തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കടകംപള്ളിയെ വീണ്ടും ചോദ്യംചെയ്യാൻ സാദ്ധ്യയുണ്ട്.

ആദ്യത്തെ ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോ​റ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കടകംപള്ളി നൽകിയ മറുപടിയിൽ മൊത്തം അവ്യക്തതയെന്നാണ് റിപ്പോർട്ട്. പോ​റ്റിക്ക് സഹായം ചെയ്യണമെന്ന് അപേക്ഷയ്ക്ക് മുകളിലെഴുതിയത് സാധാരണ നടപടിക്രമമാണോയെന്നും സംശയമുണ്ട്. ബോർഡിന്റെ കാര്യങ്ങളിൽ മന്ത്രി ഇടപെടാറില്ലെന്ന മറുപടിയും തൃപ്തികരമല്ല. പോ​റ്റിയുമായുള്ള സാമ്പത്തികയിടപാടുകളെക്കുറിച്ചുള്ള മറുപടിയിലും വ്യക്തതയില്ല. ഇതാണ് പോ​റ്റിയുടെ മൊഴിയെടുത്തതിനു പിന്നാലെ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത് .

എസ്ഐടിയുടെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കടകംപള്ളി വികാരാധീനനായെന്നാണ് അറിയുന്നത്. സ്വർണക്കൊള്ളയിൽ തനിക്ക് അറിവും പങ്കുമില്ല. സ്വർണക്കള്ളനെന്ന് വിളിക്കരുത്. ആരോപണങ്ങൾ മാനസിക വിഷമമുണ്ടാക്കുന്നു. അന്വേഷണ സംഘം ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. പത്മകുമാറിന്റെയും വാസുവിന്റെയും മൊഴികളും പരിശോധിക്കും. മന്ത്രിയായിരിക്കെയുള്ള വിദേശ യാത്രാവിവരങ്ങളും ശേഖരിച്ചിട്ടാവും വീണ്ടും ചോദ്യം ചെയ്യൽ.അതേസമയം, ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ അടുത്തയാഴ്ച വീണ്ടും ചോദ്യംചെയ്യും. നേരത്തേ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനും പുതുയായി കണ്ടെത്തിയ ചില കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാനുമാണ് വീണ്ടും ചോദ്യം ചെയ്യുക എന്നാണറിയുന്നത്.

അതേസമയം, ശബരിമല അയ്യപ്പ സ്വാമിയുടെ പ്രഭാമണ്ഡലം പൊതിഞ്ഞ സ്വർണപ്പാളിയും കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ശ്രീകോവിലിന്റെ കട്ടിളയ്ക്ക് മുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലാണ് കൈവച്ചിരിക്കുന്നത്.ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് ചെമ്പ് പാളികൾ, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്ത രണ്ട് പാളികൾ, കട്ടിളയിലെ മുകൾപ്പടിയിലെ പാളി എന്നിവയിലും പൊതിഞ്ഞിരുന്ന സ്വർണവും കട്ടു.

ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും നിന്ന് ഇതുവരെ അറിഞ്ഞതിലും കൂടുതൽ സ്വർണം കവർന്നിട്ടുണ്ടെന്നും എസ്ഐടി പറയുന്നു. 989 ഗ്രാം കവർന്നതായാണ് പുറത്തുവന്ന വിവരം. വിഎസ്എസ്സിയിലെ ശാസ്ത്രീയ പരിശോധന പൂർത്തിയാവമ്പോൾ കൊള്ളയുടെ വ്യാപ്തി ഉയരും.