'അടൂർ പ്രകാശിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചല്ലോ'; രസകരമായ മറുപടി നൽകി സുരേഷ് ഗോപി

Thursday 01 January 2026 12:58 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചല്ലോ എന്ന ചോദ്യത്തിന് രണ്ടുവാക്കിൽ മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'സ്വാമിയേ ശരണമയ്യപ്പാ' എന്നാണ് നെഞ്ചിൽ കൈവച്ചുകൊണ്ട് സുരേഷ് ഗോപി പ്രതികരിച്ചത്.

തൃശൂരിൽ ഈ വർഷം വമ്പൻ പദ്ധതികൾ വരും. അത് വഴിയേ പറയാം. കേരളത്തിലേയ്ക്ക് എയിംസ് വരുമെന്നതിൽ സംശയമില്ല. ആലപ്പുഴ കഴിഞ്ഞാൽ അത് അവകാശപ്പെട്ടത് തൃശൂരിനാണെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.

അതേസമയം, പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്. ചാനലുകളിലൂടെയാണ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്നറിഞ്ഞതെന്നും എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നതെന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അടൂർ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന വിവരം പുറത്തുവന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയതിനുപിന്നാലെയായിരുന്നു നടപടി. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണാൻ പോകുമ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.