നായകൻ ഗിൽ, ഷമി തിരിച്ചെത്തുമോ? ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും
മുംബയ്: ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും. മുൻ ഇന്ത്യൻ താരം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ജനുവരി മൂന്നിന് ഓൺലൈൻ യോഗത്തിൽ ടീമിനെ തീരുമാനിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴുത്തിനേറ്റ പരിക്ക് മാറി തിരിച്ചെത്തുന്ന ശുഭ്മാൻ ഗിൽ ആയിരിക്കും ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുക. 2025 ഒക്ടോബറിലാണ് ഗില്ലിനെ ഏകദിന ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്. എന്നാൽ പരിക്കിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പര അദ്ദേഹത്തിന് നഷ്ടമായിരുന്നു. കെഎൽ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ അന്ന് ദക്ഷിണാഫ്രിക്കയെ നേരിട്ടത്. പ്രോട്ടീസിനെതിരായ ട്വന്റി- 20 പരമ്പരയിലൂടെ ഗിൽ നേരത്തെ തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.
അതേസമയം, ഏറെ നാളായി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും പുറത്തുപോയ പേസർ മുഹമ്മദ് ഷമി ന്യൂസിലൻഡിനെതിരായ പരമ്പരയിലുടെ നീലകുപ്പായത്തിൽ തിരിച്ചെത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഷമിയെ സെലക്ടർമാർ പരിഗണിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ നടന്ന ഐസിസി ചാപ്യൻസ് ട്രോഫിയിലാണ് ഷമി അവസനാമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്.
വരാനിരിക്കുന്ന ട്വന്റി- 20 ലോകകപ്പും ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയും കണക്കിലെടുത്ത് ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കൊഹ്ലിയും ടീമിലുണ്ടാകും.
ഏകദിന ടീമിന്റെ വൈസ് ക്യാപ്ടനായ ശ്രേയസ് അയ്യർ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ ടീമിലുണ്ടാകില്ല. ഒക്ടോബറിൽ സിഡ്നിയിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിനിടെയാണ് അയ്യർക്ക് പരിക്കേറ്റത്. നിലവിൽ ബംഗളൂരുവിലെ നാഷണൽ സെന്റർ ഓഫ് എക്സലൻസിൽ താരം നിരീക്ഷണത്തിലാണ്. അയ്യർ കളിക്കളത്തിലേക്ക് മടങ്ങിവരാൻ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 11ന് വഡോദരയിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ മത്സരം.