കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുവാവ പെട്ടെന്ന് നിർത്താതെ കരയുന്നു; ഇതിന്റെ കാരണം തിരിച്ചറിയാതെ പോകരുത്
Thursday 01 January 2026 1:36 PM IST
വീട്ടിൽ കുഞ്ഞുങ്ങൾ ഉള്ളവരെല്ലാം അതിശയിച്ചിട്ടുള്ള ഒരു കാര്യമുണ്ടാവും, നല്ലപോലെ ചിരിച്ചുകളിച്ചിരിക്കുന്ന കുഞ്ഞുവാവ പെട്ടെന്ന് കരയുന്നത്. കുഞ്ഞ് വിശന്നിട്ട് കരയുകയാണെന്നും പാലുകൊടുക്കൂ എന്നുമായിരിക്കും മിക്ക അമ്മമാരോടും ബന്ധുക്കൾ പറയുന്നത്. എന്നാൽ എല്ലാ കരച്ചിലും പാലിനുവേണ്ടി ആയിരിക്കുകയില്ല. അത് എന്താണെന്ന് തിരിച്ചറിയാം.
- കുഞ്ഞുങ്ങളുടെ കരച്ചിലിലെ ഏറ്റവും സാധാരണമായ കാരണ വിശപ്പാണ്. കരച്ചിലിനിടെ വിരൽ നുണയുന്നതും പാല് കുടിക്കുംപോലെ നാവ് നുണയുന്നതും ഇതിന്റെ ലക്ഷണമാണ്. പാലുകൊടുത്താലുടനെ കരച്ചിൽ നിൽക്കുകയും ചെയ്യും.
- ഉറക്കം ശരിയായില്ലെങ്കിലും കുഞ്ഞ് കരയും. തോളിൽ കിടത്തി മെല്ലെ തട്ടിയുറക്കാം. എടുത്തുകൊണ്ട് നടന്നാൽ കുഞ്ഞ് വേഗത്തിൽ ഉറങ്ങും.
- മൂത്രമൊഴിച്ചോ മലവിസർജ്ജനം നടത്തിയോ കഴിഞ്ഞാലും കുഞ്ഞ് കരയും. എത്രയും വേഗം ഡയപ്പർ മാറ്റിയതിനുശേഷം വൃത്തിയാക്കിക്കൊടുത്താൽ കരച്ചിൽ നിൽക്കും.
- പാലുകുടിച്ച് കഴിഞ്ഞ് ദഹനപ്രശ്നം വന്നാലും കുഞ്ഞ് കരയും. കുഞ്ഞിനെ തോളിലിട്ട് പതിയെ തട്ടുന്നത് വായു പോകാൻ സഹായിക്കും.
- പല്ല് വരുന്നതിന്റെ അസ്വസ്ഥത കാരണവും കുഞ്ഞ് കരയാം. ഇങ്ങനെയുള്ള സമയത്ത് മോണ വൃത്തിയുള്ള കോട്ടൺകൊണ്ട് തടവികൊടുക്കാം. കടിക്കാനുള്ള ടീത്തർ എന്ന കളിപ്പാട്ടവും നൽകാം.
- പരിചിതമല്ലാത്ത സ്ഥലത്തും ആളുകളുടെയടുത്തും എത്തുമ്പോഴും കുഞ്ഞ് കരയാറുണ്ട്. ഈ അവസരത്തിൽ കുഞ്ഞിന് പരിചയമുള്ളവരെ ഏൽപ്പിക്കാം.
- അസുഖം വന്നാലും കുഞ്ഞ് അതറിയിക്കുന്നത് കരച്ചിലിലൂടെയാണ്. എത്ര ആശ്വസിപ്പിച്ചിട്ടും നിർത്താതെ കരയുന്നതും ഉറക്കെ കരയുന്നതും രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഈ അവസരത്തിൽ ഡോക്‌ടറെ കാണിച്ച് പരിഹാരം തേടാം.