വളർച്ചയുടെ ആകാശം കടന്ന് ഇൻഫോപാർക്ക് കയറ്റുമതി ₹ 12,060 കോടി കവിഞ്ഞു

Friday 02 January 2026 12:51 AM IST
ഇൻഫോപാർക്ക്

കൊച്ചി: ഉയരങ്ങളിലേക്ക് പുറമെ, ചുറ്റുവട്ടത്തേയ്‌ക്കും വളർന്ന ഇൻഫോപാർക്ക് 2025ൽ കൈവരിച്ചത് വരുമാനത്തിലും തൊഴിലവസരങ്ങളിലും അത്യപൂർവമായ കുതിച്ചുചാട്ടം. കയറ്റുമതിയിൽ 643 കോടി രൂപയുടെ അധികവരുമാനമാണ് നേടിയത്. പൂളിംഗിലൂടെ 300 ഏക്കർ ഭൂമിയിൽ എ.ഐ അധിഷ്ഠിത പദ്ധതി സഫലമാക്കാനുള്ള മുന്നൊരുക്കമാണ് 2026ൽ ഇൻഫോപാർക്കിന്റെ ലക്ഷ്യം.

നേട്ടങ്ങളുടെ വർഷമാണ് കടന്നുപോയത്. കാക്കനാട്ടെ രണ്ടുഘട്ടങ്ങളിലെയും സ്ഥലങ്ങൾ പൂർണമായി കമ്പനികൾ ഏറ്റെടുത്തു. കോ ഡെവലപ്പർമാർ ആരംഭിച്ച പദ്ധതികൾ മുന്നേറുന്നു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഐ.ബൈ ഇൻഫോപാർക്ക് എന്ന കോ വർക്കിംഗ് സ്‌പേസ് 48,000 ചതുരശ്രയടിയിൽ ഒരുക്കി.

സോഫ്‌റ്റ്‌വെയർ കയറ്റുമതിയിൽ 2024-25ൽ 12,060 കോടി രൂപയാണ് വരുമാനം. രണ്ടാംനിര നഗരങ്ങളിലേക്ക് ഐ.ടി കമ്പനികൾ നീങ്ങുന്നത് കൊച്ചിക്ക് ഗുണകരമാകുമെന്നത് സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.

കാക്കനാട്ട് 100 ഏക്കർ സ്ഥലത്ത് 2004ൽ ആരംഭിച്ച കൊച്ചി ഇൻഫോപാർക്കിന് 323 ഏക്കറും 92,68 ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിൽ കെട്ടിടങ്ങളും നിലവിലുണ്ട്. രണ്ടുഘട്ട വികസനം പൂർത്തിയായി. മൂന്ന്, നാല് ഘട്ട വികസനമാണ് പദ്ധതി. കാക്കനാടിന് പുറമെ തൃശൂർ കൊരട്ടിയിലും ആലപ്പുഴ ചേർത്തലയിലും പാർക്ക് സ്ഥാപിച്ചു. മെട്രോ സ്റ്റേഷനിൽ കോ വർക്കിംഗ് സ്‌പേസും ആരംഭിച്ചു.

ഇരുമ്പനത്തേയ്‌ക്കും

വിശാലകൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ)യുമായി സഹകരിച്ച് ലാൻഡ് പൂളിംഗ് പദ്ധതിയിലൂടെ 300 ഏക്കറിലേറെ സ്ഥലം ഏറ്റടുത്ത് മൂന്ന്, നാല് ഘട്ട വികസനം നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു. കാക്കനാടിന് സമീപം ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനിയുടെ 34 ഏക്കർ സ്ഥലത്ത് ഐ.ടി, വാണിജ്യ മന്ദിരങ്ങൾ നിർമ്മിക്കും.

നേട്ടങ്ങൾ

എ.വൈ., ഐ.ബി.എം, എയർ ഇന്ത്യ, അഡേസോ കമ്പനികൾ പ്രവർത്തനം ആരംഭിച്ചു

ബ്രിഗേഡ് ഗ്രൂപ്പ് വേൾഡ് ട്രേഡ് സെന്ററിന്റെ രണ്ടാം ടവറിന് തുടക്കമിട്ടു

കാസ്‌പിയൻ ടെക്പാർക്ക് മൂന്നാമത് ടവർ നിർമ്മാണം തുടങ്ങി. നാലാം ടവറിന് സ്ഥലമെടുത്തു

ജിയോജിത്, യു.എസ്.ടി ഗ്ളോബൽ എന്നിവ ഐ.ടി ടവർ നിർമ്മാണം ആരംഭിച്ചു

ഇൻഫോപാർക്കിലേക്കുള്ള മെട്രോ റെയിൽ നിർമ്മാണം പുരോഗമിക്കുന്നു

കയറ്റുമതി മുന്നേറ്റം

വർഷം, തുക (കോടി)

2020-21: 6,310 2021-22: 8,500 2022-23: 9,186 2023-24: 11,417 2024-25: 12,060

കമ്പനികൾ 582

ജീവനക്കാർ 73,500

അഞ്ചുവർഷം കൊണ്ട് അഞ്ചുലക്ഷം പുതിയ തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

സുശാന്ത് കുറുന്തിൽ

സി.ഇ.ഒ, ഇൻഫോപാർക്ക്