ചെറായി ദേവസ്വംനട, ബൈപ്പാസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പദ്ധതി അനിശ്ചിതത്വത്തിൽ
വൈപ്പിൻ: സർക്കാർ ഏജൻസിയായ കിറ്റ്‌കോ 12 വർഷം മുൻപ് സർവേ നടത്തി ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയ ചെറായി ദേവസ്വംനട ബൈപ്പാസ് പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടർന്ന് അനിശ്ചിതത്വത്തിൽ. പദ്ധതിക്കായി പുതിയ ഡിസൈൻ തയ്യാറാക്കാൻ ഗോശ്രീ ഐലന്റ്‌സ് ഡെവലപ്പ്‌മെന്റ് അതോറിട്ടി (ജിഡ) പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയത് കഴിഞ്ഞ മേയ് 16നാണ്. നിർദ്ദേശം നൽകി അഞ്ച് മാസം കഴിഞ്ഞപ്പോൾ വകുപ്പിലെ ഒരു ഉദ്യോഗസ്ഥ സ്ഥലം സന്ദർശിച്ചതല്ലാതെ തുടർനടപടികളൊന്നും ഉണ്ടായില്ല. പരിശോധനയോ ബന്ധപ്പെട്ടവരുമായുള്ള ചർച്ചയോ നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. പി.ബി. സജീവൻ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് പഞ്ചായത്ത് മുൻകൈ എടുത്ത് പദ്ധതി തയ്യാറാക്കിയത്. കിറ്റ്‌കോ സർവേ പ്രകാരം പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിന്റെ കിഴക്കേ ഭാഗം പൊളിച്ച്, അവിടെ നിന്ന് വസ്‌തേരി പാലത്തിന്റെ വടക്കേ ഭാഗത്ത് സംസ്ഥാനപാതയിൽ പ്രവേശിക്കുന്ന രീതിയിലാണ് പ്രോജക്ട് വിഭാവനം ചെയ്തത്. പഞ്ചായത്തിന്റെ ഭൂമി കൂടാതെ ഒരു കുടുംബത്തിന്റെ സ്ഥലം കൂടി ഏറ്റെടുത്താൽ ഡിസൈൻ പൂർത്തിയാക്കാം.
എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടില്ല
മറ്റ് കെട്ടിടങ്ങളൊന്നും പൊളിക്കേണ്ടതില്ല എന്നതിനാൽ ഏറ്റവും ചെലവ് കുറഞ്ഞ പ്രോജക്ടിന് പഞ്ചായത്തും ജില്ലാ ഭരണകൂടവും അംഗീകാരം നൽകിയിരുന്നു. ജിഡ കൗൺസിൽ അംഗീകരിച്ച പദ്ധതിക്ക് 3.50 കോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടികൾ വൈകി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ഏഴ് മാസം മുൻപ് ജിഡ വീണ്ടും നടപടികൾ ആരംഭിച്ചു. എന്നാൽ, സ്വന്തമായി എൻജിനിയറിംഗ് വിഭാഗമുള്ള ജിഡ, എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിന് കൈമാറി ഒഴിഞ്ഞുമാറുകയായിരുന്നു. വകുപ്പാകട്ടെ ഏഴ് മാസമായിട്ടും എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടില്ല.
പദ്ധതി നീളുന്നു
വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയിൽ ഏറ്റവും തിരക്കേറിയതും സ്ഥലപരിമിതിയുള്ളതുമായ ജംഗ്ഷനാണ് ചെറായി ദേവസ്വംനട. വൈകുന്നേരങ്ങളിലും രാത്രിയിലും ചെറായി ബീച്ചിലേക്കും തിരിച്ചുമുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. അവധി ദിവസങ്ങളിലും ടൂറിസം സീസണിലും വൈപ്പിൻ, പറവൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്. ഇതൊഴിവാക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയാണ് ജിഡയിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം നീണ്ടുപോകുന്നത്.
ജിഡയിലുള്ള ഉദ്യോഗസ്ഥർ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച് എത്തിയവരാണ്. പദ്ധതി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് യാതൊരു താത്പര്യവുമില്ല. പദ്ധതിയിൽ കെട്ടിടനിർമ്മാണം ഇല്ലാത്തതും ഒരു കാരണമാണ്. പി.ബി. സജീവൻ മുൻ പഞ്ചായത്ത് പ്രസിഡന്റ്