കൈവല്യവായ്പാ കുടിശിക അനുവദിക്കണം
Friday 02 January 2026 1:23 AM IST
കൊച്ചി: ഭിന്നശേഷിക്കാരായവർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന കൈവല്യവായ്പാ പദ്ധതി അടിയന്തരമായി വിതരണം ചെയ്യണമെന്ന് ഉമ തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. 2021ആഗസ്റ്റ് മുതൽ ജില്ലയിൽ 303 അപേക്ഷകർ വായ്പയ്ക്കായി കാത്തിരിക്കുകയാണ്. 2024 ജനുവരിയിൽ ജില്ലാ വികസനസമിതി അംഗീകരിച്ച 222 അപേക്ഷകളും ഇതിലുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ആയിരത്തിലധികം ഭിന്നശേഷിക്കാരും ആനുകൂല്യം കാത്തിരിക്കുകയാണ്. സർക്കാർഫണ്ട് അനുവദിക്കാത്തതാണ് വായ്പ മുടങ്ങാൻ കാരണം. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും അടിയന്തരമായി തുക അനുവദിക്കണമെന്നും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വായ്പാതുക കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ ഉമ തോമസ് ആവശ്യപ്പെട്ടു.