അലിയെ കണ്ടവരുണ്ടോ ...? കൊലക്കേസ് പ്രതിക്കായി പൊലീസിന്റെ തെരച്ചിൽ നോട്ടീസ്

Friday 02 January 2026 12:27 AM IST
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അലിക്ക് വേണ്ടി പൊലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: മൂന്നാഴ്ച മുമ്പ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ തെരച്ചിൽ നോട്ടീസുമായി കൊച്ചി സിറ്റി പൊലീസ്. വധശ്രമം, കവർച്ച ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ കൊല്ലം തൊടിയൂർ സ്വദേശി മുഹമ്മദ് അലിക്ക് (26) വേണ്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാൾക്കായി എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വ്യാപക അന്വേഷണം നടന്നിട്ടും സൂചനയില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും പൊലീസ് ഗ്രൂപ്പുകളിലേക്കും നോട്ടീസ് അയച്ചത്.

കോട്ടയം കാഞ്ഞിരപ്പള്ളി വട്ടക്കപ്പാറ സ്വദേശി അഭിജിത്ത് വിനീഷാണ് ഡിസംബർ അഞ്ചിന് രാത്രി കൊല്ലപ്പെട്ടത്.

എറണാകുളം നോർത്ത് കലഭവൻറോഡിന് സമീപം റെയിൽവേ ട്രാക്കിനടുത്ത പൂട്ടിക്കിടന്ന വീട്ടിലാണ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ അറ്റകുറ്റപ്പണിക്കെത്തിയ ഇലക്ട്രീഷ്യനാണ് ഡിസംബർ ആറിന് വൈകിട്ട് മൃതദേഹം കണ്ടത്. എറണാകുളം നോർത്ത് ആർ.ഒ.ബിക്ക് അടിവശത്ത് നിന്ന് കൊലപാതകം നടന്ന വീട്ടിലേക്ക് മുഹമ്മദ് അലിക്കൊപ്പം അഭിജിത്ത് നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ അഭിജിത്തിനെ കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം.

കൊലപാതകത്തിന് രണ്ടര മാസം മുമ്പ്, സെപ്തംബർ 17ന് നോർത്ത് മേൽപ്പാലത്തിന് സമീപം യുവാക്കളെ കവർച്ച ചെയ്ത കേസിൽ മുഹമ്മദ് അലിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കുപ്രസിദ്ധ കുറ്റവാളി കൊടിമരം ജോസ്, ഫിറോസ് എന്നിവർ കൂട്ടുപ്രതികളായിരുന്നു. കവർച്ചാക്കേസിൽ ജാമ്യത്തിൽ കഴിയവെയാണ് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

* ലുക്ക്ഔട്ട് നോട്ടീസിൽ ലേറ്റസ്റ്റ് പടം

അലിയുടെ ഏറ്റവും പുതിയ പടം കൂടി ഉൾപ്പെടുത്തിയാണ് തെരച്ചിൽ നോട്ടീസ് തയ്യാറാക്കിയതെന്ന് പൊലീസ് അറിയിച്ചു. സി.സി ടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിലേതാണ് ഈ പടം. വേഷം മാറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പഴയതും പുതിയതുമായ ഫോട്ടോകൾ ചേർത്തിട്ടുണ്ട്. ഇയാൾ കേരളം വിട്ടിട്ടില്ലെന്നാണ് അനുമാനം.