ബാങ്കുകൾക്ക് പെൻഷൻ ഫണ്ട് ആരംഭിക്കാൻ അനുമതി

Friday 02 January 2026 12:19 AM IST

കൊച്ചി: നാഷണൽ പെൻഷൻ സിസ്‌റ്റത്തിന്(എൻ.പി.എസ്) കീഴിൽ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വാണിജ്യ ബാങ്കുകൾക്ക് അനുമതി. പെൻഷൻ സംവിധാനം ശക്തമാക്കുന്നതിനും കൂടുതൽ ഉപഭോക്താക്കളെ ഉൾപ്പെടുത്താനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി(പി.എഫ്.ആർ.ഡി) വ്യക്തമാക്കി. ഈ രംഗത്ത് മത്സരം ശക്തമാകുന്നതോടെ വരിക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും കഴിയും. എൻ.പി.എസ് മാനേജ് ചെയ്യുന്നതിനായി റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പാലിച്ച് പുതിയ ഫണ്ട് രൂപീകരിക്കാൻ ബാങ്കുകൾക്ക് അവസരം ലഭിക്കും. അറ്റ ആസ്തി, വിപണി മൂല്യം, സാമ്പത്തിക സുസ്ഥിരത എന്നിവ അടിസ്ഥാനമാക്കിയാണ് അനുമതി നൽകുക. നിലവിൽ രാജ്യത്തൊട്ടാകെ പത്ത് പെൻഷൻ ഫണ്ടുകളാണുള്ളത്.

എൻ.പി.എസിൽ പുതിയ ട്രസ്‌റ്റികൾ

എസ്.ബി.ഐ മുൻ ചെയർമാൻ ദിനേശ് കുമാർ ഖാര, യു.ടി.ഐ എ.എം.സി മുൻ വൈസ് പ്രസിഡന്റ് സ്വാതി അനിൽ കുൽക്കർണി, ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ സഹ സ്ഥാപകൻ ഡോ. അരവിന്ദ് ഗുപ്ത എന്നിവരെ എൻ.പി.എസ് ട്രസ്‌റ്റികളായി നിയമിച്ചു.