മലയാലപ്പുഴയിൽ വഴിപാട് സാധനം മോഷ്ടിച്ച് വില്പന
പിന്നിൽ റിട്ട. ദേവസ്വം ജീവക്കാരൻ
പത്തനംതിട്ട : ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രമായ മലയാലപ്പുഴയിൽ വഴിപാട് സാധനങ്ങൾ മോഷ്ടിച്ച് വിൽക്കുന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. പൂജാസ്റ്റാളിൽ നിന്ന് ഭക്തർ വാങ്ങി സമർപ്പിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച് അതേ സ്റ്റാളിലൂടെ വീണ്ടും വിൽക്കുകയാണ്. സ്റ്റാളുകൾ ലേലം പിടിച്ച് നടത്തുന്ന റിട്ട.ദേവസ്വം ജീവനക്കാരനാണ് മോഷണത്തിന് പിന്നിൽ. ഇയാൾക്ക് ജീവനക്കാരുടെ സഹായം കിട്ടുന്നുണ്ട്. ലേലത്തുകയും അടച്ചിട്ടില്ല. 8.26 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. പണം ലഭിച്ചതായി രജിസ്റ്ററിലുണ്ടെങ്കിലും ബാങ്ക് രേഖകളില്ല.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെനട വഴി സാധനങ്ങൾ ചാക്കിൽ കെട്ടി കടത്തിയതിന്റെ സിസി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിളക്കുകൾ, ചന്ദനത്തിരി, കർപ്പൂരം, പട്ടുകൾ തുടങ്ങിയവയാണ് കടത്തിയത്. പൂജാ സ്റ്റാൾ ജീവനക്കാരൻ സാധനങ്ങൾ മോഷ്ടിച്ച് കടത്തും. ഇതിന് വാച്ചർ സഹായിക്കും. ദേവസ്വം ബോർഡിന്റെ പരാതിയിൽ വാച്ചർ രഞ്ജിത്തിനെതിരെ മാത്രമേ മലയാലപ്പുഴ പൊലീസ് കേസെടുത്തിട്ടുള്ളൂ.