നടക്കുന്നത് പി. ശശിയുടെ രാഷ്ട്രീയ പണി: അടൂർ പ്രകാശ്
ഗുരുവായൂർ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഒന്നും മറച്ചുവയ്കാനില്ലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ഏതു സമയത്തും എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണ്. ഇപ്പോൾ നടക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പുതിയ രാഷ്ട്രീയ പണിയാണ്.
എനിക്കെതിരെ ഉയരുന്ന ചോദ്യങ്ങൾ ചാനലുകളിലൂടെ മാത്രമാണ് അറിഞ്ഞത്. അന്വേഷണസംഘം ഇതുവരെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. യാതൊരു അറിവുമില്ലാത്ത കാര്യങ്ങളാണ് ആരോപണങ്ങളായി ഉയരുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകും. എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാകുന്നതിന് മുൻപ് മാദ്ധ്യമങ്ങളെ വിവരമറിയിക്കും. എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും മാദ്ധ്യമങ്ങളെ കൂടി അറിയിക്കും.
സോണിയാഗാന്ധിയെ കാണാനായി അപ്പോയിന്റ്‌മെന്റ് എടുത്തു നൽകിയത് താനല്ല. ഉണ്ണികൃഷ്ണൻ പോറ്റി തന്റെ നിയോജക മണ്ഡലത്തിൽപ്പെട്ട ആളാണ്. അദ്ദേഹം കള്ളനാണെന്ന് അറിഞ്ഞുകൊണ്ടല്ല അദ്ദേഹത്തിന്റെ കാര്യങ്ങൾ കേട്ടതെന്നും വ്യക്തമാക്കി.
കടകംപള്ളിയെ ചോദ്യംചെയ്തത് രഹസ്യമാക്കിയതെന്ത് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ രഹസ്യമായാണ് കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി ചോദ്യം ചെയ്തതത്. എന്തിനായിരുന്നു ഈ രഹസ്യസ്വഭാവം. ഇവരെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടവരും നിയമത്തിന് മുന്നിൽ വരണ്ടേവരുമാണ്. ഇതുവരെ തെളിവ് ഹാജരാക്കിയില്ലെന്ന വെല്ലുവിളി കടകംപള്ളി ഇന്നലെയും എനിക്കെതിരെ ഉയർത്തി. എം.എൽ.എയും മന്ത്രിയുമായിരുന്ന കടകംപള്ളി സുരേന്ദ്രന് സിവിൽ കോടതിയുടെ നടപടിക്രമം പോലും അറിയില്ലേ? വി.ഡി.സതീശൻ പ്രതിപക്ഷനേതാവ്
മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം: എം.എം. ഹസൻ ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം നിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവന്നതിനാൽ പിണറായി വിജയനെയും ചോദ്യം ചെയ്യണം. എസ്.ഐ.ടിയുടെ അന്വേഷണത്തെ അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിൽ കഴിയുന്ന നേതാക്കളായ പത്മകുമാറിനും വാസുവിനുമെതിരെ നടപടിയെടുക്കാതെ സി.പി.എം സംരക്ഷിക്കുകയാണ്. എം.എം. ഹസ്സൻ കോൺഗ്രസ് നേതാവ്