തദ്ദേശത്തിൽ നിന്നു നിയമസഭയിലേക്ക്.. അരയും തലയും മുറുക്കി ; ആരുകയറും ആ മല ?
കോഴിക്കോട്: രാഷ്ട്രീയകേരളം നിയമസഭാ തിരഞ്ഞെടുപ്പു വർഷത്തിലെത്തിയതോടെ വിജയ മല ആര് കയറും എന്നാണ് ജനത്തിന്റെ ചോദ്യം. സെമിഫൈനലെന്ന് വിശേഷിപ്പിച്ചാണ് യു.ഡി.എഫും എൻ.ഡി.എയും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിട്ടത്. എൻ.ഡി.എ അനന്തപുരി അടിച്ചെടുത്തപ്പോൾ കോഴിക്കോടൊഴിച്ചുള്ള കോർപ്പറേഷനുകളെല്ലാം യു.ഡി.എഫും സ്വന്തമാക്കി. കണ്ണൂരൊഴിച്ച് എല്ലാം കൈപ്പിടിയിലുണ്ടായിരുന്ന ഇടതുപക്ഷത്തിന് കോഴിക്കോടൻ കച്ചിത്തുരുമ്പുമാത്രം. പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് സർവാധിപത്യം. ജില്ലാപഞ്ചായത്തുകളിൽ മാത്രം ഇടതും വലതും ഒപ്പമായി.
പരാജയകാരണങ്ങളിലേക്ക ഇറങ്ങിച്ചെന്ന് തിരുത്തൽ വരുത്തി ഫൈനലിൽ മൂന്നാം കിരീടം നേടാനുള്ള കഠിന പ്രയത്നത്തിലാണ് എൽ.ഡി.എഫ്. ശബരിമല സ്വർണക്കൊള്ളയെ ഉപയോഗിച്ച് പ്രതിപക്ഷ മുന്നണികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌തെങ്കിൽ, നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുമ്പിലെത്തിച്ച് തടിയൂരാനാണ് സർക്കാർ ശ്രമം.
പതിവ് വിശകലനം മാറ്റി
എൽ.ഡി.എഫ്
ഞങ്ങൾ തോറ്റതല്ല, അവർ ജയിച്ചതാണെന്ന പതിവ് വിശകലന രീതി വിട്ട് തോറ്റതിൽ നിന്ന് പാഠം ഉൾകൊണ്ട് കരകയറുമെന്നാണ് എൽ.ഡി.എഫിലെ എല്ലാ കക്ഷികളും പറയുന്നത്. സീറ്റ് തർക്കത്തിന്റെയും തോൽവിയുടെയും പേരിൽ കേരള കോൺഗ്രസടക്കം ഒരു പാർട്ടിയെയും അടർത്തിമാറ്റാനാവില്ലെന്നും ആണയിടുന്നു. പരാജയം ഇതിനുമുമ്പും ഒരുപാടുണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം തിരിച്ചുവന്നിട്ടുമുണ്ട്. അതിനുള്ള ഗൃഹസമ്പർക്കം തുടങ്ങിക്കഴിഞ്ഞു. ജനം തന്ന മുന്നറിയിപ്പാണ് തദ്ദേശഫലമെന്ന് സി.പി.ഐ പറയുന്നു. അങ്ങനയല്ലെന്ന താത്വിക വിശദീകരണം സി.പി.എം നൽകുന്നുണ്ടെങ്കിലും തോറ്റതിൽ നിന്ന് പാഠം പഠിക്കുന്നതിനാണ് മുൻതൂക്കം.
കോൺഗ്രസ് കസേര കളി
അവസാനിപ്പിക്കുമോ ..?
നൂറൂസീറ്റിൽ അധികാരത്തിൽ വരുമെന്നാണ് മുന്നണിയെ നയിക്കുന്ന വി.ഡി.സതീശന്റെ പ്രഖ്യാപനം. അതിനായി തലമുറമാറ്റമുണ്ടാക്കി പുതു തലമുറയും വനിതകളും മുന്നോട്ടുവരുമെന്നും സതീശൻ. തദ്ദേശത്തിൽ നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതുപോലെ നിയമസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ ജനുവരി 20നകം തീരുമാനിക്കാനാകുമെന്നും കോൺഗ്രസ് കണക്കു കൂട്ടുന്നു. എന്നാൽ, കോൺഗ്രസിന്റെ പതിവ് രീതിയിലുള്ള പാർട്ടിക്കുള്ളിലെ അടി തീരുമോ എന്നതാണ് പ്രധാന വിഷയം. കോൺഗ്രസ് എം.പിമാരിൽ 12പേരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുവേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മുമ്പിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനം മുതൽ മന്ത്രിസ്ഥാനംവരെ ലക്ഷ്യമിട്ടാണ് നീക്കം.
മാറാത്തത് മാറ്റുമോ രാജീവ്..?
കേരള രാഷ്ട്രീയത്തിൽ പുതിയ ആളാണെങ്കിലും രാജീവ് ചന്ദ്രശേഖറിനെ മുന്നിൽനിറുത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനവും പാലക്കാടും തൃപ്പൂണിത്തുറയും പിടിച്ച എൻ.ഡി.എ വലിയ ആത്മ വിശ്വാസത്തിലാണ്. ഒ.രാജഗോപാലിനുശേഷം നേമം പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ഇറങ്ങുമെന്നത് ഉറപ്പായി. രാഹുൽ മാങ്കൂട്ടത്തിലുണ്ടാക്കിയ അപവാദം മുതലെടുത്ത് പാലക്കാട്ട് സുരേന്ദ്രനെ ജയിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. കഴക്കൂട്ടത്ത് വി.മുരളീധരനും കായംകുളത്ത് ശോഭാസുരേന്ദ്രനും വട്ടിയൂർക്കാവിൽ ശ്രീലേഖയും താമരവിരിയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
നേതാക്കളുടെ പ്രതികരണം....
ഇനി മത്സരം എൻ.ഡി.എയും യു.ഡി.എഫും തമ്മിൽ: രാജീവ് ചന്ദ്രശേഖർ
കേരളത്തിന്റെ മനസിപ്പോൾ ബി.ജെ.പിക്കൊപ്പമാണ്. തൃശൂരിൽ വോട്ട് ചോർന്നതും ,ചില ജില്ലകളിൽ പ്രതീക്ഷിച്ച വോട്ട് കിട്ടാതിരുന്നതുംചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടുത്തെ അധികാര മുന്നണികൾ ഞെട്ടുന്ന നേട്ടം എംൻ.ഡി.എ ഉണ്ടാക്കും. ഞാൻ നിയമസഭയിൽ മത്സരിക്കുന്നെങ്കിൽ അത് നേമത്തായിരിക്കും. കേരളത്തിൽ ഇനി മത്സരം എൻ.ഡി.എയും യു.ഡി.എഫും തമ്മിലാണ്. എൽ.ഡി.എഫും യു.ഡി.എഫും തമ്മലുള്ള ഫിക്സ്ഡ് മാച്ചിന് അവസാനമാവും.
തോൽവി സമ്മതിക്കുന്നു, തിരുത്തി മുന്നോട്ട്: ടി.പി.രാമകൃഷ്ണൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്ന് ഇടതുപക്ഷമോ സി.പി.എമ്മോ എവിടെയും പറഞ്ഞിട്ടില്ല. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കഴിഞ്ഞ പത്തുവർഷക്കാലത്തെ ഇടത് സർക്കാർ ചെയ്ത വികസനപ്രവർത്തനങ്ങളെക്കുറിച്ച് പറയും. അവർക്ക് സർക്കാരിനെതിരെയോ പാർട്ടിക്കെതിരെയോ പറയാനുള്ള ആരോപണങ്ങൾ കേൾക്കും. അത് പരിഹരിച്ച് മുന്നോട്ട് പോവും. മൂന്നാം ഇടത് സർക്കാരിനെ കേരളജനത ആഗ്രഹിക്കുന്നുണ്ട്. അത് യാഥാർത്ഥ്യമാവും.
യു.ഡി.എഫിനൊപ്പം കേരളം: സണ്ണി ജോസഫ്
പത്തുവർഷം അധികാരത്തിലിരുന്നു എന്നതിന് ജനം നൽകുന്ന മറുപടിയാവും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. വെറുതെ അധികാരത്തിൽ വരികയല്ല, 100സീറ്റുനേടി അധികാരത്തിൽവരും. അവിടെ പിണറായിവിജയൻ എന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യമാണ്. ഇവിടെ ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായങ്ങൾ പലതും വന്നാലും അവസാനവാക്ക് പാർട്ടി ഹൈക്കമാൻഡാണ്. എം.പിമാർ എം.എൽ.എ സ്ഥാനത്തേക്ക് മത്സരിക്കാൻ കത്തു നൽകിയത് എനിക്കറിയില്ല. കേരളം അടുത്തതവണ യു.ഡി.എഫ് ഭരിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട.