രമണിയുടെ ക്യാൻവാസിൽ തെളിയുന്നത് കാരുണ്യം

Friday 02 January 2026 12:00 AM IST

രമണി അരുണാചലം പെയിന്റിംഗ് രചനയിൽ

കൊല്ലം: 69കാരി രമണി അരുണാചലം ചായം ക്യാൻവാസിലേക്ക് പകർത്തുമ്പോൾ തെളിയുന്നത് കാരുണ്യം കൂടിയാണ്. പെയിന്റിംഗ് വിറ്റുകിട്ടുന്ന പണം ബുക്കുകളുടെയും പുത്തനുടുപ്പുകളുടെയും രൂപത്തിൽ​ കൊല്ലം നഗരത്തിലെ പാവപ്പെട്ട കുട്ടികളി​ലേക്കെത്തും. ഇളയമകൾ അകാലത്തിൽ മരിച്ചതിന്റെ സങ്കടം മറക്കാൻ കൂടിയാണ് ഇവർ ശ്രമിക്കുന്നത്.

കുട്ടിക്കാലത്ത് വീടിന്റെ ചുവരിൽ ചിത്രങ്ങൾ വരച്ചാണ് രമണി വരയുടെ ലോകത്തേക്ക് കാലെടുത്തുവച്ചത്. 1977ൽ വിവാഹത്തോടെ കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് പോയി. വർഷങ്ങൾക്കിപ്പുറം 2005ൽ, മക്കളുടെ വിവാഹശേഷമാണ് പെയിന്റിംഗ് ശാസ്ത്രീയമായി പഠിക്കാൻ അവസരം ലഭിച്ചത്. തുടർന്ന് പ്രിൻസ് തോന്നയ്ക്കലിന്റെ ശിക്ഷണത്തിൽ മ്യൂറൽ പെയിന്റിംഗ് പഠിച്ചു. പിന്നീട് വീട്ടിൽ മ്യൂറൽ പെയിന്റിംഗ് പഠിപ്പിക്കാനും തുടങ്ങി.

എന്നാൽ, 2020ൽ ഇളയമകൾ മീനുവിന്റെ അപ്രതീക്ഷിത വിയോഗം ആകെ തളർത്തി. ഒന്നരവർഷത്തിനുശേഷം ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് വീണ്ടും പെയിന്റിംഗ് പുനരാരംഭിച്ചത്. അന്നുമുതൽ പെയിന്റിംഗ് വിറ്റുകിട്ടുന്ന പണം പാവപ്പെട്ട കുട്ടികൾക്കായി മാറ്റിവച്ചു. സ്കൂളുകളിലെ അദ്ധ്യാപകർ മുഖേനയാണ് കുട്ടികളെ കണ്ടെത്തുന്നത്.

 വില 2,000 രൂപ മുതൽ

മ്യൂറൽ പെയിന്റിംഗ് ശൈലിയിൽ ക്യാൻവാസിൽ അക്രൈലിക് പെയിന്റ് ഉപയോഗിച്ചാണ് വര. ദൂരേയുള്ളവർക്ക് കൊറിയറായി വരകൾ അയച്ചുനൽകും. ഒരു ചതുരശ്രയടി ക്യാൻവാസിലെ പെയിന്റിംഗിന് 2,000 രൂപ മുതലാണ് വില. 10 മുതൽ 20 ദിവസം വരെ എടുത്താണ് ഓരോ പെയിന്റിംഗും പൂർത്തിയാക്കുന്നത്.

 ശിഷ്യരുമേറെ

കൊല്ലം കൊച്ചുപിലാംമൂട് ലക്ഷ്മി വിലാസത്തിൽ രമണി അരുണാചലത്തിന് നിലവിൽ 30 ഓളം ശിഷ്യരുണ്ട്. ഭർത്താവ് അരുണാചലം കൊല്ലത്ത് മെഡിക്കൽ സ്റ്റോർ ഉടമയാണ്. കോളേജ് അദ്ധ്യാപികയായ ഡോ. അഞ്ജു മകളാണ്.