കമലമ്മ സ്പെഷ്യൽ കപ്പയും ബീഫും!

Friday 02 January 2026 1:52 AM IST
കമലമ്മ കപ്പയും ബീഫുമായി

കൊല്ലം: കമലമ്മയുടെ ചെറി​യ കടയി​ലെ അടുക്കളയിൽ ബീഫ് കറി പാകമായാൽ പൊലിക്കോട് കവലയിലേക്ക് മണമെത്തും! പിന്നൊരു ഒഴുക്കാണ് 'കപ്പയും ഇറച്ചിയും' കടയിലേക്ക്. ദിവസം 15 കിലോ ബീഫിന്റെ കറി വിളമ്പും. ദൂരെ സ്ഥലങ്ങളിൽ നിന്നു വരെ 75കാരിയായ കമലമ്മയുടെ കടയിലേക്ക് ഭക്ഷണപ്രിയർ എത്തുന്നുണ്ട്.

പൊലിക്കോട് ഗിരിജ വിലാസത്തിൽ കമലമ്മ കപ്പയും ബീഫും വിളമ്പാൻ തുടങ്ങിയിട്ട് ആറു പതിറ്റാണ്ടോളമായി.

വിറകടുപ്പിലെ കനലിൽ കിടന്ന് തിളയ്ക്കുന്ന ആ വലിയ ചെമ്പിന്റെ അടപ്പൊന്ന് മാറിയാൽ ബീഫും മസാലക്കൂട്ടും ചേർന്ന ഗന്ധം ചുറ്റുവട്ടമാകെ പരക്കും. എം.സി റോഡിൽ വാളകത്തിനും ആയൂരിനും ഇടയിലാണ് പൊലിക്കോട് കവല. ഇവിടെ നിന്ന് തടിക്കാട് ഭാഗത്തേക്കുള്ള റോഡിൽ നൂറ് മീറ്റർ അകലെയാണ് കമലമ്മയുടെ കപ്പയും ഇറച്ചിയും കട പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ സജീവം. മലമേൽ ടൂറിസം പ്രദേശത്തേക്കുള്ള വഴിയരികായതിനാൽ സഞ്ചാരികളുമെത്തും.

അരിഞ്ഞു നുറുക്കിയ ബീഫ് തടിക്കാട് കവലയിൽ നിന്ന് ദിവസവും വാങ്ങും. ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും കുരുമുളകും ചേർത്ത പ്രത്യേക മസാലക്കൂട്ടൊരുക്കിയാണ് ബീഫ് കറിയാക്കുന്നത്. തേങ്ങാക്കൊത്ത് വേണ്ടുവോളം വിതറും. കമലമ്മയാണ് ബീഫ് കറിയൊരുക്കുന്നത്. അപ്പോഴേക്കും മൂത്ത മകൾ ഗിരിജ കപ്പ അരിഞ്ഞ് മഞ്ഞൾചേർത്ത് വേവിച്ച് ഇളക്കും. കൃത്യം 9 മണിക്ക് വിളമ്പും, പിന്നെ തിരക്കൊഴിയുന്നത് സന്ധ്യയോടെയാണ്.

കൂട്ടിനുണ്ട് വാസുദേവൻ പിള്ളയും

പഴംപൊരിയും ചായയും പ്രത്യേകമായുണ്ട്. ഭർത്താവ് വാസുദേവൻ പിള്ളയും (85) കൊച്ചുമകൻ അനന്ദുവുമൊക്കെ സഹായികളായിട്ടുണ്ട്. കപ്പയും ഇറച്ചിക്കറിയും വിളമ്പിക്കിട്ടിയ വരുമാനത്തിലൂടെയാണ് നാല് മക്കളടങ്ങുന്ന കമമ്മയുടെ കുടുംബം കഴിഞ്ഞുകൂടിയിരുന്നത്. മൂന്ന് വർഷം മുൻപ് ഓട്ടോ അപകടത്തിൽ കമലമ്മയുടെ ഒരു കൈയ്ക്ക് ഒടിവ് പറ്റി, കമ്പിയിട്ടിരിക്കുന്ന ഈ കൈകൊണ്ടുതന്നെയാണ് അടുക്കളക്കാര്യത്തിൽ സജീവമായി നിൽക്കുന്നത്.