ദേശീയപാത വികസനം... ആശങ്കയായി​ ആർ.ഇ വാൾ

Friday 02 January 2026 1:53 AM IST

കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ കൊട്ടി​യം മൈലക്കാട്ട് ഉയരപ്പാതയുടെ അപ്രോച്ച് റോഡ് തകർന്നതി​നു പി​ന്നാലെ, ഇന്നലെ പുലർച്ചെ അയത്തി​ൽ ഉയരപ്പാതയുടെ ആർ.ഇ വാൾ ബ്ളോക്ക് (റീ ഇൻഫോഴ്സ്ഡ് എർത്ത് വാൾ) ഇളകി​ സർവീസ് റോഡി​ൽ വീണത് ആശങ്ക സൃഷ്ടി​ച്ചു. ഉയരപ്പാതയുള്ള ഭാഗങ്ങളി​ലൂടെ മനസമാധാനത്തോടെ എങ്ങനെ യാത്ര ചെയ്യുമെന്നാണ് നാട്ടുകാരുടെ ചി​ന്ത. സംഭവ സമയം അതുവഴി​ കടന്നുപോയ കാർ ഒരു മി​നുട്ട് വൈകി​യാണ് വന്നി​രുന്നതെങ്കി​ൽ വലി​യൊരു ദുരന്തം തന്നെ സംഭവി​ച്ചേനെ. ബ്ളോക്ക് ഇളകി​ വീണതി​നു തൊട്ടു പി​ന്നാലെ ഒരു സ്കൂട്ടർ യാത്രി​കനും ഇവി​ടെയെത്തി​.

അയത്തിൽ നിന്ന് കണ്ണനല്ലൂരിലേക്ക് പോകാനുള്ള അണ്ടർപാസേജിന് സമീപം ആർ.ഇ വാൾ ആരംഭിക്കുന്ന ഭാഗത്ത് മുപ്പതടിയോളം ഉയരത്തിൽ നിന്നാണ് ഒരു ബ്ളോക്ക് ഇളകി വീണത്. രാത്രി പാനൽ ഫിറ്റ് ചെയ്ത ശേഷം ജോലിക്കാർ പോയതിനു പിന്നാലെയായി​രുന്നു സംഭവം. നാട്ടുകാരും പൊലീസും ചേർന്ന് വാഹനങ്ങൾ തടഞ്ഞ് മറ്റു വാഹനങ്ങളെ സുരക്ഷിതമാക്കി. നിർമ്മാണ കരാർ ഏറ്റെടുത്ത ശിവാലയ കൺസ്ട്രക്ഷൻസിന്റെ ജീവനക്കാരെ വിളിച്ചുവരുത്തി ക്രെയിൻ ഉപയോഗിച്ച് വാൾ ബ്ളോക്ക് സ്ഥലത്ത് നിന്ന് നീക്കി.

അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായി. യാതൊരു സുരക്ഷിതത്വവും ഇല്ലാതെ നടത്തുന്ന നിർമ്മാണ പ്രവൃത്തികൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെയും അയത്തിൽ ജനകീയ സമരസമിതിയുടെയും നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയപാത അതോറിട്ടിയുടെയോ കരാർ കമ്പനിയുടെയോ ഉദ്യോഗസ്ഥർ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന രാത്രികളിൽ സ്ഥലത്ത് ഉണ്ടാവില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഇതു സംബന്ധിച്ച് പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടാവുന്നില്ലെന്ന് അയത്തിൽ ജനകീയ സമരസമിതി ഭാരവാഹികൾ പറഞ്ഞു. വലിയ പാലങ്ങളുടെ അടക്കം കോൺക്രീറ്റ് ജോലി നടക്കുമ്പോൾ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകാറില്ലെന്നും ആരോപണമുണ്ട്.

വാഹനങ്ങളെ നോക്കുന്നേയില്ല!

സർവ്വീസ് റോഡിൽ യാതൊരു ഗതാഗത നിയന്ത്രണവും ഏർപ്പെടുത്താതെയാണ് പലയിടങ്ങളിലും ഉയരപ്പാതയുടെ ആർ.ഇ വാൾ പാനൽ സ്ഥാപിക്കുന്നത്. 2024 നവംബറിൽ അയത്തിലിനും പാലത്തറയ്ക്കുമിടയിൽ ചൂരാങ്കിൽ തോട്ടിൽ നിർമ്മിക്കുന്ന പാലം കോൺക്രീറ്റിംഗിനിടെ തകർന്നിരുന്നു. കഴിഞ്ഞവർഷം ജൂലായിൽ കൊട്ടിയം ജംഗ്ഷനിലെ ഫ്ലൈ ഓവറിന്റെ ആർ.ഇ വാൾ നിർമ്മാണത്തിനിടെ ബ്ളോക്ക് നിലംപതിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ഡിസംബർ 5 നാണ് കൊട്ടിയത്തിനടുത്ത് മൈലക്കാട്ട് നിർമ്മാണം പുരോഗമിക്കുന്ന ഉയരപ്പാതയിലെ പാർശ്വഭിത്തി തകർന്ന് സർവീസ് റോഡ് നൂറ് മീറ്റോളം പൊട്ടിപ്പിളർന്നത്. ഉയരപ്പാതയിൽ 30 അടിയോളം നീളത്തിലും ഇരുപതടിയോളം താഴ്ചയിലും മണ്ണ് താഴ്ന്നുപോവുകയായിരുന്നു. പലഭാഗങ്ങളിലും ആർ.ഇ പാനലുകൾ വലിയ അപകടം സൃഷ്ടിക്കുന്ന തരത്തിൽ ചരിഞ്ഞിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തുടർക്കഥയായി സംഭവങ്ങൾ

 വ്യാപകമായി പൈപ്പ് പൊട്ടുന്നു  പൊട്ടുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണി വൈകുന്നു  ചാത്തന്നൂരിൽ ഗർഡർ തകർന്ന് തൊഴിലാളികൾക്ക് പരിക്ക്  കൊട്ടിയത്ത് ആർ.ഇ വാൾ പാനൽ സ്കൂട്ടർ യാത്രക്കാരിയുടെ മുകളിലേക്ക് വീണു  ഉറങ്ങിക്കിടന്ന തൊഴിലാളിയുടെ മുകളിലൂടെ മണ്ണിട്ടു, ബീഹാർ സ്വദേശി മരിച്ചു  പാലത്തറയിൽ സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്നു  കൊട്ടിയത്തും ചാത്തന്നൂരിലും ഉയരപ്പാതയിൽ വിള്ളൽ  പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്

 അയത്തിലിൽ കോൺക്രീറ്റിംഗിനിടെ പാലം തകർന്നു