'രാത്രിയാത്ര: കൊച്ചി അധിനിവേശം'; കേരളത്തിലെ ആദ്യ എ.ഐ ത്രില്ലർ ചിത്രം
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച കേരളത്തിലെ ആദ്യ മുഴുനീള സയന്റിഫിക് ആക്ഷൻ ത്രില്ലർ സിനിമയായ 'രാത്രിയാത്ര: കൊച്ചി അധിനിവേശം' പ്രേക്ഷകരിലേക്ക്. കോഴിക്കോട്ടെ എസ്.എം.ബി.എസ് ഇൻഫോലാബ് എൽ.എൽ.പിയാണ് ചിത്രം നിർമ്മിക്കുന്നത്. രമേഷ് ബാബു മാണിക്കോത്ത് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ചാറ്റ് ജി.പി.ടി, സുനോ എ.ഐ, വിഒ3.1, എലവൻ ലാബ് എ.ഐ തുടങ്ങിയ എ.ഐ ഫിലിം ടൂളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അഭിനേതാക്കളും സംഗീതവും ഉൾപ്പെടെ സിനിമയിലെ എല്ലാ ഘടകങ്ങളും എ.ഐ നിർമ്മിതമാണ്. 8 സെക്കന്റ് ദൈർഘ്യമുള്ള 1200 ലധികം സീനുകൾ കൂട്ടിച്ചേർത്താണ് ദൃശ്യങ്ങൾ തയ്യാറാക്കിയത്. പരമ്പരാഗത ഷൂട്ടിംഗ് സംവിധാനങ്ങളില്ലാതെയാണ് സിനിമ നിർമ്മിച്ചത്. സിനിമാ-നാടക രംഗത്ത് വർഷങ്ങളായ അനുഭവസമ്പത്തുള്ളതും, കേന്ദ്ര സാംസ്‌കാരിക വകുപ്പ് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ വിദഗ്ധ സമിതി അംഗവുമായ ശശിനാരായണൻ കോഴിക്കോട് പ്രസ് ക്ളബിൽ വച്ച് ട്രെയിലർ പ്രകാശനം ചെയ്തു. വാർത്താസമ്മേളനത്തില്‍ രമേശ് ബാബു മാണിക്കോത്ത്, പി. ബിദ്ധ്യ, സൂര്യ മാണിക്കോത്ത് പങ്കെടുത്തു.