കിഡ്‌സ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് : എറണാകുളം, ആലപ്പുഴ ജേതാക്കൾ

Thursday 01 January 2026 11:58 PM IST

ആലപ്പുഴ : നാലാമത് സംസ്ഥാന കിഡ്‌സ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ജേതാക്കളായി.ഫൈനലിൽ എറണാകുളത്തിന്റെ ആൺകുട്ടികൾ 37 -36ന് നിലവിലെ ചാമ്പ്യന്മാരായിരുന്ന കോഴിക്കോടിനെയാണ് തോൽപ്പിച്ചത്. പെൺകുട്ടികളുടെ ഫൈനലിൽ അതിഥേയരായ ആലപ്പുഴ ടീം 42 -28 ന് തിരുവന്തപുരത്തെ തോൽപ്പിച്ച് കിരീടം നിലനിറുത്തുകയായിരുന്നു. ആൺകുട്ടികളുടെ ഫൈനലിൽ 15 പോയിന്റുകൾ നേടിയ ഗൗതം രഞ്ജിത്ത് എറണാകുളത്തിന്റെ ടോപ് സ്കോററായി. കോഴിക്കോടിന് വേണ്ടി കാർത്തിക് 18 പോയിന്റുകൾ നേടി.

മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ കോഴിക്കോട് പെൺകുട്ടികൾ എറണാകുളത്തെ പരാജയപ്പെടുത്തിയപ്പോൾ ആലപ്പുഴ ആൺകുട്ടികൾ തൃശൂരിനെ പരാജയപ്പെടുത്തി വെങ്കലം നേടി.കേരള ബാസ്കറ്റ്ബാൾ അസ്സോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ടി വിഷ്ണു ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.