ഷമി ഇനിയും ക്ഷമിക്കണോ ?
ന്യൂസിലാൻഡിന് എതിരായ ഏകദിന ടീം പ്രഖ്യാപനം ഉടൻ
പേസർ മുഹമ്മദ് ഷമിയെ തിരിച്ചു വിളിക്കാൻ സാദ്ധ്യത
മുംബയ് : പരിക്കിന്റെ പേരിൽ മാറ്റിനിറുത്തിയിരിക്കുന്ന വെറ്ററൻ പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കാൻ ചീഫ് സെലക്ടർ അജിത് അഗാർക്കറും സംഘവും വൈകുന്നതെന്തെന്ന ചോദ്യം ഇന്ത്യൻ ക്രിക്കറ്റിൽ അലയടിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. ന്യൂസിലാൻഡിന് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം അടുത്തുതന്നെ നടക്കാനിരിക്കേ ഷമിയെ ഇനിയും മാറ്റിനിറുത്താൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിക്ക് കഴിയുമോ എന്നതാണ് ചോദ്യം. തന്റെ പരിക്കുമാറിയെന്ന് പലകുറി പരസ്യമായി പ്രഖ്യാപിച്ചിട്ടും രഞ്ജി ട്രോഫിയിലും സെയ്‌ദ് മുഷ്താഖ് ട്രോഫിയിലും ഒടുവിൽ വിജയ് ഹസരേ ട്രോഫിയിലുംവരെ കളിച്ചുകാണിച്ചിട്ടും തിരിച്ചുവിളിച്ചില്ലെങ്കിൽ ഷമിക്ക് ക്ഷമിച്ചിരിക്കാൻ കഴിയുമോയെന്നും ആരാധകർ സന്ദേഹിക്കുന്നു.
2023 ലോകകപ്പിലെ അതിഗംഭീരപ്രകടനത്തിന് ശേഷമാണ് ഷമി കാലിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഫിറ്റ്നെസ് വീണ്ടെടുക്കാനായി ഒരുവർഷത്തോളം താരത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയിട്ടും ഇന്ത്യൻ സെലക്ടർമാർ കണ്ടില്ലെന്ന് നടിച്ചു. ഒടുവിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഇംഗ്ളണ്ടിന് എതിരായ ട്വന്റി-20,ഏകദിന പരമ്പരകളിലേക്കുള്ള ടീമിൽ ഉൾപ്പെടുത്തി. രണ്ട് വീതം ട്വന്റി-20കളിലും ഏകദിനങ്ങളിലും കളിച്ചു. ചാമ്പ്യൻസ് ട്രോഫി ടീമിലേക്കും എടുത്തിരുന്നു. ബംഗ്ളാദേശിന് എതിരെ അഞ്ചുവിക്കറ്റും ഓസ്ട്രേലിയയ്ക്ക് എതിരെ മൂന്നുവിക്കറ്റും നേടിയെങ്കിലും ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞതോടെ ഷമി ടീമിന് പുറത്തായി.
തുടർന്നുള്ള പരമ്പരകളിൽ ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് ഷമിയെ ഉൾപ്പെടുത്താത്തതെന്ന് അഗാർക്കർ കഴിഞ്ഞ ഒക്ടോബറിൽ പറഞ്ഞിരുന്നു. എന്നാൽ താൻ പൂർണമായും ഫിറ്റാണെന്നായിരുന്നു ഷമിയുടെ മറുപടി. ആഭ്യന്തര ടൂർണമെന്റിൽ ഷമി ഫിറ്റ്നെസ് തെളിയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞമാസം ഒടുവിൽ ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും ഷമിയെ കണ്ടതായി നടിച്ചില്ല.
വിജയ് ഹസാരേ ഏകദിന ടൂർണമെന്റിലെ മികച്ച പ്രകടനത്തോടെയാണ് ഷമി ഇതിന് മറുപടി നൽകിയത്. ഇതുവരെ കളിച്ച നാലുമത്സരങ്ങളിൽ നിന്ന് എട്ടുവിക്കറ്റുകളാണ് നേടിയത്. ഇതോടെയാണ് ഷമിയെ എന്തുകൊണ്ട് ഏകദിന ടീമിലെങ്കിലും എടുക്കുന്നില്ലയെന്ന ചോദ്യങ്ങൾ ഉയർന്നത്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ തുടങ്ങുകയാണ്. ഷമിയെ അടുത്ത ലോകകപ്പ് കളിപ്പിക്കാൻ സെലക്ടർമാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ന്യൂസിലാൻഡിനെതിരെ അവസരം നൽകുമെന്നാണ് അറിയുന്നത്. ജസ്പ്രീത് ബുംറയുടെ വർക്ക് ലോഡ് നിയന്ത്രിക്കാൻ ഷമിയെപ്പോലെ പരിചയസമ്പന്നനായ പേസർ ടീമിലുണ്ടാകണമെന്നാണ് മുൻതാരങ്ങളുടെയും അഭിപ്രായം. എന്നാൽ ഹർഷിത് റാണയ്ക്ക് നിരന്തരം അവസരം നൽകാനായാണ് അഗാർക്കറും ഗംഭീറും ഷമിയെ മാറ്റിനിറുത്തുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വൺഡേയിൽ സഞ്ജുവില്ല ?
ന്യൂസിലാൻഡിന് എതിരായ അഞ്ച് ട്വന്റി-20 കളിലും ട്വന്റി-20 ലോകകപ്പിലും ഇടംപിടിച്ച മലയാളിതാരം സഞ്ജു സാംസണിന് ന്യൂസിലാൻഡിന് എതിരായ ഏകദിന പരമ്പരയിൽ ഇടമുണ്ടാവില്ലെന്നാണ് സൂചന. കെ.എൽ രാഹുൽ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായിരിക്കും. രണ്ടാം കീപ്പറായി ഇഷാൻ കിഷനെ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇഷാനെ ട്വന്റി-20 ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിരാടും രോഹിതും വരും
സീനിയേഴ്സായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും കിവീസിന് എതിരെ ഏകദിനത്തിൽ കളിക്കാനുണ്ടാകും. ഇന്ത്യൻ ടീമിൽ തുടരണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന ബി.സി.സി.ഐ നിർദ്ദേശമനുസരിച്ച് ഇരുവരും വിജയ് ഹസാരേയിൽ രണ്ടുമത്സരങ്ങളിൽ ഇറങ്ങുകയും സെഞ്ച്വറികൾ നേടുകയും ചെയ്തിരുന്നു.
അയ്യരെത്താൻ വൈകും
ഉപനായകനായ ശ്രേയസ് അയ്യർ ഏകദിനടീമിൽ തിരിച്ചെത്താൻ സാധ്യതയില്ല. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം നിലവിൽ ബി.സി.സി.ഐയുടെ ദേശീയ അക്കാഡമിയിൽ പരിശീലനത്തിലാണ്. എന്നാൽ ശരീരഭാരത്തിൽ വലിയ കുറവുവന്നതിനാലാണ് തിരിച്ചുവരവ് വൈകുന്നത്.
ഷമി കരിയർ ഗ്രാഫ്
64 ടെസ്റ്റുകൾ, 229 വിക്കറ്റുകൾ
അവസാന മത്സരം 2023 ജൂണിൽ
108 ഏകദിനങ്ങൾ, 206 വിക്കറ്റുകൾ
അവസാന മത്സരം 2025 മാർച്ച്
25 ഏകദിനങ്ങൾ, 27 വിക്കറ്റുകൾ
അവസാന മത്സരം 2025 ഫെബ്രുവരി
2024ൽ ഷമിക്ക് ഒരു അന്താരാഷ്ട്ര മത്സരത്തിലും കളിക്കാൻ കഴിഞ്ഞില്ല.
2025ൽ കളിച്ചത് രണ്ട് ട്വന്റി-20കളിലും ഏഴ് ഏകദിനങ്ങളിലും