സ്വർണക്കൊള്ള: ദുഷ്‌പ്രചാരണം തെറ്റെന്ന് സുകുമാരൻ നായർ

Friday 02 January 2026 12:01 AM IST

കോട്ടയം : ശബരിമല സ്വർണക്കൊള്ളക്കേസിൽ രാഷ്ട്രീയതാത്പര്യങ്ങൾ വച്ചുള്ള ദുഷ്പ്രചാരണങ്ങൾ തെറ്റാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറ‌ഞ്ഞു. കുറ്റവാളികളെ കണ്ടുപിടിക്കാൻ സർക്കാർ സംവിധാനങ്ങളും കോടതിയുമുണ്ട്. അവർ കൃത്യമായി ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്. എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ മാത്രം മറ്റുള്ളവർക്ക് ഇടപെടാം.

മന്നം ജയന്തി സമ്മേളനത്തിന്റെ ഭാഗായുള്ള അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ വിഷയമാണെന്ന ബോധം രാഷ്ട്രീയക്കാർക്ക് ഉണ്ടാകണം. രാഷ്ട്രീയ മുതലെടുപ്പിനായി എൻ.എസ്.എസിനെ കരുവാക്കാമെന്ന് ആരും കരുതേണ്ട. ശബരിമല വിശ്വാസ സംരക്ഷണ കാര്യത്തിൽ ആരുടെയും ഭീഷണിക്ക് തലകുനിക്കില്ല. ഈ നിലപാട് എൻ.എസ്.എസ് തുടരും.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച സർക്കാരിന് മാനസാന്തരമുണ്ടാകുകയും നിലപാട് തിരുത്തുകയും ചെയ്തു. ആചാര ലംഘനമുണ്ടാവില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്. എന്നാൽ യുവതീ പ്രവേശന പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നവർ എൻ.എസ്.എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ച് മുതലെടുപ്പിനായി രംഗത്തുവരികയായിരുന്നു. നിയമ നിർമ്മാണത്തിലൂടെ യുവതീ പ്രവേശന വിധി തടയാമായിരുന്ന കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. മന്നം ജയന്തിക്ക് അവധി പ്രഖ്യാപിച്ചതിൽ സംസ്ഥാന സർക്കാരിനോട് നന്ദിയുണ്ട്.

എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരികുമാർ കോയിക്കൽ സംസാരിച്ചു. പുതിയ ആസ്ഥാന മന്ദിരത്തിന് ജനറൽ സെക്രട്ടറി തറക്കല്ലിട്ടു.

സംഘടനയ്ക്കെതിരെ

ചില ക്ഷുദ്രജീവികൾ എൻ.എസ്.എസിനെതിരെ സമുദായത്തിലെ തന്നെ ചില ക്ഷുദ്രജീവികൾ പ്രവർത്തിക്കുന്നുണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു. സംഘടനയ്‌ക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾ പരാജയപ്പെട്ടതോടെ നേതൃത്വത്തിനെതിരെ വ്യക്തിഹത്യ നടത്തുന്നു. നേതൃസ്ഥാനത്തിരിക്കുന്നവരെ കരിവാരിത്തേക്കാനാണ് ശ്രമം. കള്ളപ്പണമുള്ളവരും, മഴ പെയ്തപ്പോൾ പോലും കരയോഗത്തിന്റെ തിണ്ണയിൽ കയറി നിൽക്കാത്തവരുമൊക്കെയാണിവർ. എന്റെ കുടുംബത്തിലുള്ള ആരും എൻ.എസ്.എസിൽ അനർഹമായി ഒന്നും നേടിയിട്ടില്ല. ആർക്കെങ്കിലും തെളിയിക്കാൻ കഴിഞ്ഞാൽ നേതൃത്വത്തിൽ നിന്ന് ഒഴിയും.