ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ആഗസ്റ്റ് 15ന്

Friday 02 January 2026 12:09 AM IST

ന്യൂഡൽഹി: മുംബയ്-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയിലൂടെ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027ലെ സ്വാതന്ത്ര്യ ദിനത്തിൽ യാത്ര തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. ഗുജറാത്തിലെ സൂററ്റ്-വാപി 100 ​​കിലോമീറ്റർ റൂട്ടിലാണ് ആദ്യ ഘട്ടത്തിൽ ട്രെയിൻ ഒാടുക. വാപ്പി-അഹമ്മദാബാദ്, താനെ-അഹമ്മദാബാദ്, മുംബയ്-അഹമ്മദാബാദ് എന്നിങ്ങനെ ഘട്ടം ഘട്ടമായി ബാക്കി റൂട്ടുകൾ പ്രവർത്തനം തുടങ്ങും. സൂററ്റ്-ബിലിമോറ റൂട്ടിലെ 50 കിലോമീറ്റർ ദൂരം 2026 ഡിസംബറിൽ പൂർത്തിയാകും.

അഹമ്മദാബാദിലെ സബർമതി മുതൽ മുംബയ് വരെ 508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴിയിലൂടെ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകളാണ് സർവീസ് നടത്തുക. 2017-ൽ ശിലാസ്ഥാപനം നടത്തിയ പദ്ധതിയുടെ ആദ്യഘട്ടം 2023 ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഭൂമി ഏറ്റെടുക്കൽ അടക്കം വെല്ലുവിളികൾ തടസമായി.