കൊച്ചിയിൽ പുതുവർഷത്തിൽ കോളടിച്ചത് ഇവർക്ക്,​ കൈവരിച്ചത് റെക്കാഡ് നേട്ടം

Friday 02 January 2026 12:51 AM IST

കൊച്ചി: പുതുവത്സരത്തലേന്നും പുതുവർഷ ദിനത്തിലുമായി യാത്രക്കാരെക്കൊണ്ട് നേട്ടം കൊയ്ത് കൊച്ചി മെട്രോ റെയിൽ. കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചയുമായി സഞ്ചരിച്ചത് 1,61,683 പേർ.

പുലർച്ചെ രണ്ട്‌വരെ സർവീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേർ യാത്ര ചെയ്തു. പുലർച്ചെ നാലുവരെ സർവീസ് നടത്തിയ ഇലക്ട്രിക് ഫീഡർബസിൽ 6,817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്രചെയ്തു. ഡിസംബർ 31 ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ റെക്കോർഡ് സൃഷ്ടിച്ചു.

ഹിറ്റായി ഫീഡർ ബസ്

കൊച്ചിയുടെ പുതുവർഷരാവിൽ ഇതാദ്യമായാണ് ഇലക്ട്രിക് ഫീഡർ ബസ് യാത്ര നടത്തിയത്. ഫോർട്ട് കൊച്ചിയിൽ നിന്ന് ജംഗാർ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രൊ സ്റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കും എത്തിക്കാൻ ഫീഡർ ബസുകളുമുണ്ടായിരുന്നു.

മാറ്റുകൂട്ടി വാട്ടർ മെട്രോ

പുലർച്ചെ 5.10വരെ നിലവിലുള്ളതിനു പുറമെ മട്ടാഞ്ചേരി- ഹൈക്കോർട്ട്, വൈപ്പിൻ- ഹൈക്കോർട്ട് റൂട്ടിലും അധിക സർവീസ് നടത്തിയ വാട്ടർ മെട്രോയും റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.

മെട്രോ ട്രെയിനിൽ ഇതുവരെ 17.52 കോടി യാത്രികൾ

2017 ൽ സർവ്വീസ് തുടങ്ങിയ കൊച്ചി മെട്രോ ട്രെയിനിൽ ഇതുവരെ 17.52 കോടി പേർ യാത്ര ചെയ്തു. ഈ വർഷത്തെ യാത്രക്കാരുടെ എണ്ണം 3,65,86,194 ആയി. ഡിസംബറിൽ മാത്രം 32,68,063 പേരാണ് യാത്ര ചെയ്തത്.

കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചത്. ലാസ്റ്റ്മൈൽ, ഫസ്റ്റ്മൈൽ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതൽ ആകർഷിക്കാനായി 15 ഇലക്ട്രിക് ബസുകൾ വിവിധ റൂട്ടുകളിൽ മെട്രോ സ്റ്റേഷനുകളെയും വാട്ടർ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സർവീസ് നടത്തി. മെട്രോ യാത്രാ സംവിധാനങ്ങൾ നഗരഗതാഗതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറി കഴിഞ്ഞു.

ലോക്‌നാഥ് ബെഹ്‌റ എം.ഡി,​ കെ.എം.ആർ.എൽ