വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: ദുരൂഹത നീങ്ങിയില്ല
കാളികാവ്: തോക്കുചൂണ്ടി കാളികാവ് സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. ഈ മാസം ആറിനാണ് സംഭവം നടന്നത്. ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനോ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരാനോ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. പൂങ്ങോട് സ്വദേശി വി.പി.മുഹമ്മദലി എന്ന ആലുങ്ങൽ മുഹമ്മദലിയെയാണ് ഇന്നോവ കാറിലെത്തിയ സംഘം പട്ടാമ്പിക്കടുത്ത തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപം വച്ച് തട്ടിക്കൊണ്ട്പോയത്. സംഭവത്തിൽ ചില ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിലായെങ്കിലും ഇവർക്ക് പ്രാദേശികമായി ലഭിച്ച സഹായങ്ങളിലും വ്യക്തത വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വി.പി.മുഹമ്മദലിയെ തട്ടിക്കൊണ്ടു പോയ സംഘം ഇന്നോവ കാർ മാറ്റിയ ശേഷം ഒറ്റപ്പാലം കോതകുർശിയിലെ ആൾതാമസമില്ലാത്ത വീട്ടിലാണ് താമസിപ്പിച്ചിരുന്നത്.സംഘം മദ്യലഹരിയിലായ സമയത്ത് ഇവിടെ നിന്നും ഇറങ്ങി ഓടി പ്രദേശത്തെ പള്ളിയിൽ അഭയം തേടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിനോട് വ്യവസായി പറഞ്ഞത്. താമസിപ്പിച്ച വീട്ടിലും സി.സി ടി.വി ദൃശ്യങ്ങളും വച്ച് തെളിവെടുപ്പ് നടത്തിയ പൊലീസിന് ക്വൊട്ടേഷൻ സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ബിസിനസ് രംഗത്തെ ശത്രുതയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. ഉന്നതസംഘം തന്നെ അന്വേഷണം നടത്തിയിട്ടും ഇക്കാര്യങ്ങളൊന്നും വ്യക്തമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിനു ശേഷം ക്വൊട്ടേഷൻ സംഘത്തിലെ എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. തട്ടിക്കൊണ്ട് പോയ ക്വൊട്ടേഷൻ സംഘത്തിന് കർണ്ണാടകയിലടക്കമുള്ള ഉന്നത ബന്ധങ്ങളെക്കുറിച്ചും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവർക്ക് പ്രാദേശികമായി സഹായങ്ങൾ ലഭിച്ചതായ നിഗമനങ്ങളും അന്വേഷണ സംഘത്തിനുണ്ട് . എന്നാൽ ഇതിനൊന്നും തുമ്പ് കണ്ടെത്താനാവാതെ അന്വേഷണം ഇഴയുന്നത് ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. മർദ്ദനത്തിനിടെ അബോധാവസ്ഥയിൽ ആകുന്നതിനുള്ള ദ്രാവകം മുഹമ്മദാലിയെ കുടിപ്പിക്കാൻ ശ്രമിച്ചിരുന്നതായും അറിയുന്നു. ഏറെ സമയം മയക്കത്തിലായ മുഹമ്മദാലി ഉണർന്നപ്പോൾ ഗുണ്ടാസംഘം മദ്യപിച്ച് മയങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഈ സമയം വാതിൽ തുറന്ന് ഓടി രക്ഷപ്പെട്ട് സമീപത്തെ പള്ളിയിലെത്തിയതാണ് ജീവൻ തിരിച്ചു കിട്ടാൻ സഹായകമായത്. ഒറ്റപ്പാലം പി.കെ ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദലി തെളിവെടുപ്പിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ ജിദ്ദയിലേക്കു യാത്രയായിരുന്നു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ആഴ്ചകളായി അന്വേഷണം നടത്തിയിട്ടും കൂടുതൽ തെളിവുകൾ കണ്ടെത്താനോ ദുരൂഹതകൾ നീക്കാനോ കഴിയാത്തത് കുടുംബങ്ങളിലും ബിസിനസ് മേഖലയിലും ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.