ശ്രീകുമാർ ജി.പിള്ള ഐ.ജി.സി.എ.ആർ ഡയറക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം: കൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിന്റെ(ഐ.ജി.സി.എ.ആർ) പുതിയ ഡയറക്ടറായി ശ്രീകുമാർ.ജി.പിള്ള ചുമതലയേറ്റു. കൽപ്പാക്കം ഐ.ജി.സി.എറിന്റെ മേധാവിയാകുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.
മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലെ ന്യൂക്ലിയർ റീസൈക്കിൾ ബോർഡിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവാണ്. 2025 ഡിസംബർ 31-ന് വിരമിച്ച സി.ജി.കർഹാഡ്കറുടെ പിൻഗാമിയായാണ് നിയമനം. ഇന്ത്യയുടെ ആണവോർജ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിൽ, നൂതന ആണവ ഗവേഷണത്തിലുള്ള ഐ.ജി.സി.എ.ആറിന്റെ ഊന്നലിനെ നേതൃമാറ്റം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബി.ടെക് നേടിയ ശ്രീകുമാർ.ജി.പിള്ള 1990-ൽ മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ(ബി.എ.ആർ.സി) ചേർന്നു. 35 വർഷം അവിടെ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. ട്രോംബെയിലെ പ്ലൂട്ടോണിയം പ്ലാന്റിൽ ഷിഫ്റ്റ് ചാർജ് എൻജിനിയറായി കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് സീനിയർ പ്രോസസ് എൻജിനിയർ സൂപ്രണ്ടായി.
ഉപയോഗിച്ച ഇന്ധന പുന:സംസ്കരണം,റേഡിയോ ആക്ടീവ് മാലിന്യ മാനേജ്മെന്റ്,ബാക്ക്-എൻഡ് ഇന്ധന സൈക്കിൾ പ്രവർത്തനങ്ങൾ,പ്രോജക്ട് മാനേജ്മെന്റ്,സംഭരണം,സുരക്ഷാ വിലയിരുത്തലുകൾ,നിയന്ത്രണ പാലിക്കൽ എന്നീ മേഖലയിലെ മൂന്ന് പതിറ്റാണ്ടിലേറെയുള്ള പരിചയ സമ്പത്തുണ്ട്. ഇന്ധന സൈക്കിൾ സൗകര്യങ്ങളുടെ രൂപകല്പന,നിർമ്മാണം,കമ്മിഷൻ ചെയ്യൽ,പ്രവർത്തനങ്ങൾ,പരിപാലനം എന്നിവ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യത്തിൽ ഉൾപ്പെടുന്നു. രണ്ടാമത്തെ സംയോജിത പുനഃസംസ്കരണ പ്ലാന്റിന്റെ രൂപകല്പനയ്ക്കായി അദ്ദേഹം മൾട്ടി ഡിസിപ്ലിനറി എൻജിനിയറിംഗ് ടീമുകളെ നയിച്ചു,
സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ എക്‌സലൻസ് അവാർഡ് (2010),ട്രോംബെയിലെ പ്ലൂട്ടോണിയം പ്ലാന്റിന്റെ എ ആൻഡ് ഒ നുള്ള ഗ്രൂപ്പ് അച്ചീവ്‌മെന്റ് അവാർഡ്(2012),സ്ട്രാറ്റജിക് കോമ്പോസിറ്റ് ഫ്യുവൽ എലമെന്റ്‌സിൽ നിന്ന് എസ്.എൻ.എം വീണ്ടെടുക്കുന്നതിനുള്ള ഗ്രൂപ്പ് അച്ചീവ്‌മെന്റ് അവാർഡ്(2017) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.