മൂന്നയിനിക്ക്  പുതുസ്വപ്‌നം നൽകി ചെന്നിത്തലയുടെ ഗാന്ധിഗ്രാമം 

Friday 02 January 2026 1:05 AM IST

ചാവക്കാട് (തൃശൂർ): കമ്മ്യൂണിറ്റി സെന്റർ എന്ന ദീർഘകാല ആവശ്യത്തിലേക്ക് ഒരുപടികൂടി അടുത്തതോടെ, പുന്നയൂർ അകലാട് മൂന്നയിനി പട്ടികവിഭാഗം ഗ്രാമത്തിന് പുതുവർഷം സ്വപ്‌നസാഫല്യത്തിന്റേതായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതിയുടെ 16-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള സന്ദർശനവേളയിലാണ് അദ്ദേഹം ജെബി മേത്തറിനെ വിളിച്ച് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം അനുവദിപ്പിച്ചത്.

മിനി ദുഷ്യന്തന് ഗാന്ധിഗ്രാമത്തിന്റെ ഫണ്ടിൽ നിന്ന് വീടും നൽകും. ആദിത്യയ്ക്ക് വീൽ ചെയർ നൽകും. ശാന്തിഗിരിയിൽ തുടർചികിത്സയ്ക്ക് സംവിധാനവും ഒരുക്കും. ഹൃദ്രോഗ ബാധിതയായ സന്ധ്യയ്ക്ക് അമൃതകീർത്തി പദ്ധതിയിൽ സൗജന്യമായി ബൈപാസ് ശസ്ത്രക്രിയയ്ക്ക് സൗകര്യം ഒരുക്കും. പൊട്ടിപ്പൊളിഞ്ഞ വീടുകളുടെ അറ്റകുറ്റപ്പണികൾ ഗാന്ധിഗ്രാമം പദ്ധതിയിൽ നടത്തും. കുലത്തൊഴിലിന് വേണ്ട സാധനസാമഗ്രികൾക്ക് സഹായധനമായി അനന്തന് 10,000 രൂപ അനുവദിച്ചു. കോളനിയിലെ പത്ത് വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകും. വിദ്യാർത്ഥികളായ വിഥു, ആദർശ്, രാധിക എന്നിവർക്ക് ലാപ്‌ടോപ്പും നൽകും. അമൃത ആശുപത്രിയുടെ സമ്പൂർണ മെഡിക്കൽ ക്യാമ്പും നടത്തും. ഗ്രാമത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സഹായധനമായി 2000 രൂപ വീതം അനുവദിച്ചു. പുരുഷന്മാർക്ക് ബാലരാമപുരം കൈത്തറി മുണ്ടും സ്ത്രീകൾക്ക് സെറ്റ് സാരികളും സമ്മാനിച്ചു. വീടൊന്നിന് രണ്ടു വീതം കിടക്കവിരികളും തലയിണയും നൽകി. പ്രദേശത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തി. കുടിശിക മൂലം വൈദ്യുതി വിഛേദിച്ചതിനാൽ കുടിവെള്ളം ലഭിക്കാത്തതും പ്രദേശവാസികൾ ചെന്നിത്തലയുടെ ശ്രദ്ധയിൽപെടുത്തി. മുതിർന്ന അംഗമായ യശോദാമ്മയുടെ നേതൃത്വത്തിൽ പാരമ്പര്യ രീതിയിലാണ് ചെന്നിത്തലയെ വരവേറ്റത്. യശോദാമ്മ വിളക്കു കൊളുത്തിയതോടെ ചടങ്ങിന് തുടക്കമായി. ഗ്രാമവാസികൾക്കൊപ്പം പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ച് കലാപരിപാടികളും ആസ്വദിച്ചശേഷം നാലോടെയാണ് മടങ്ങിയത്. ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നിന്നുള്ള കലാകാരന്മാർ പരിപാടികളും അവതരിപ്പിച്ചു.