കേരളത്തെ ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാക്കിയത് ഗുരു: ബിനോയ് വിശ്വം

Friday 02 January 2026 1:09 AM IST

ശിവഗിരി: കേരളത്തെ ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത് ഗുരുദർശനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിന് രാഷ്ട്രീയ നീതിബോധം സമ്മാനിച്ചത് ശ്രീനാരായണഗുരുവാണ്. നീ തേടുന്ന ഈശ്വരൻ നീ തന്നെയാണെന്ന് ഗുരു പഠിപ്പിച്ചു. ഉത്തരേന്ത്യയിൽ നടക്കുന്ന പല തീർത്ഥാടനങ്ങളും ഇരുണ്ട ആശയങ്ങൾ പുറപ്പെടുവിക്കുമ്പോഴാണ് ശിവഗിരി തീർത്ഥാടനം വിജ്ഞാനത്തിന്റെ ഉറവിടമായി നിലകൊള്ളുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

 പ്രത്യാശ പകർന്ന തീർത്ഥാടനം: സ്വാമി ശുഭാംഗാനന്ദ

ശിവഗിരിക്കുന്നിറങ്ങുന്ന ഓരോ മനുഷ്യന്റെ മനസിലും പുതിയ പ്രത്യാശ നിറച്ചാണ് ശിവഗിരി തീർത്ഥാടനം സമാപിക്കുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനം ആദ്ധ്യാത്മിക ഔന്നത്യത്തിലേക്കുള്ള തീർത്ഥാടനം മാത്രമല്ല. ആത്മീയ അടിത്തറയിൽ നിന്നുകൊണ്ട് ജീവിതഗന്ധിയായ വിഷയങ്ങളാണ് തീർത്ഥാടന സമ്മേളനങ്ങൾ ചർച്ചചെയ്തത്. അതാണ് ശ്രീനാരായണഗുരുദേവൻ കല്പിച്ചത്. ഗുരുദേവൻ കല്പിച്ച അഷ്ടലക്ഷ്യങ്ങളിൽ ആദ്യത്തേത് വിദ്യാഭ്യാസമായിരുന്നു. വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിച്ചത് തിരിച്ചറിവ് നേടലാണ്. വിവേകം നേടിയാലെ വിദ്യാഭ്യാസം പൂർണമാകുകയുള്ളുവെന്നും സ്വാമി പറ‌ഞ്ഞു.