ഗുരുദർശനം നവോത്ഥാനത്തിന്റെ ചാലക ശക്തി: മന്ത്രി ചെറിയാൻ
ശിവഗിരി: കേരള നവോത്ഥാനത്തിന്റെ ചാലക ശക്തിയും സ്നേഹത്തിലേക്കും സൗഹൃദത്തിലേക്കുമുള്ള മഹത്തായ പാതയുമാണ് ഗുരുദർശനമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാനവികതയിലൂന്നിയ ഗുരുദർശനം വരും തലമുറയ്ക്ക് കൈമാറാനുള്ള ബാദ്ധ്യത നമുക്കോരോരുത്തർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളം ഇന്ന് ചർച്ച ചെയ്യുന്ന പല വികസന മാതൃകകളും തീർത്ഥാടനത്തിന് അനുമതി നൽകുന്ന കാലത്തു തന്നെ ഗുരു കാട്ടിത്തന്നു. ജനാധിപത്യ ബോധവും മതനിരപേക്ഷ മനസുമുള്ള കേരളത്തെ അതിലൂടെ വാർത്തെടുക്കാൻ സാധിച്ചു. ഗുരു ഇല്ലാതാക്കിയ ജാതി, മത വിഷചിന്തകൾ വീണ്ടും വേരുപടിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും തിരിച്ചുകൊണ്ടുപോകാൻ ചില ശക്തികൾ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കൊടിക്കുന്നിൽ സുരേഷ് എം.പി,
എം.എൽ.എമാരായ വി.ജോയ്, ഡി.കെ.മുരളി, ജി.സ്റ്റീഫൻ, മുൻ എം.എൽ.എ വർക്കല കഹാർ, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാഹേമചന്ദ്രൻ, അഡ്വ.കെ.ആർ.അനിൽകുമാർ, അഡ്വ.ടി.കെ.ശ്രീനാരായണദാസ്, ബാബുറാം(ബി റാം നിർമ്മാൺ), ജി.ഡി.പി.എസ് ചീഫ് കോർഡിനേറ്റർ സത്യൻ പന്തത്തല,വാർഡ് കൗൺസിലർ പ്രസന്നൻ, തീർത്ഥാടന കമ്മിറ്റി കൺവീനർ അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്വാമി ശുഭാംഗാനന്ദ സ്വാഗതവും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.