പൗർണമിക്കാവിൽ നാളെ നട തുറക്കും

Friday 02 January 2026 1:15 AM IST

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണമിയായ നാളെ നട തുറക്കും.

2026 ഡിസംബർ 23 മുതൽ 31 വരെ നടക്കുന്ന മഹാകാളികായാഗത്തിന്റെ മുന്നോടിയായി നാളെ മുതൽ ഒരു വർഷത്തെ പൂജകളും ആത്മീയ പരിപാടികളുമാണ് നടത്തുന്നത്.

എല്ലാ ദിവസവും രാവിലെ 4 മുതൽ രാത്രി 10 വരെ നട തുറന്നിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

പ്രാരംഭ പൂജകളും പഞ്ചമുഖ ഗണപതിയുടെ മുന്നിൽ പ്രത്യേക ഗണപതി ഹോമവും ശൃംഗേരി ശങ്കരാചാര്യ മഠത്തിലെ മുഖ്യ പുരോഹിതനായ ഫണി കുമാർ ശർമ്മയുടെ കാർമ്മികത്വത്തിൽ രാവിലെ നടക്കും. വൈകിട്ട് 4 മണിക്ക് മഹാകാളികാ യാഗത്തിന്റെ ബ്രോഷർ തിരുവനന്തപുരം മേയർ വി.വി. രാജേഷ് പ്രകാശനം ചെയ്യും. 4.30 മുതൽ മഹാകാളികാ യാഗത്തിന്റെ വിളംബരമായി പടയണി നടക്കും. മദ്ധ്യ തിരുവിതാംകൂറിലെ പടയണി കോലങ്ങൾ തെക്കൻ കേരളത്തിൽ ആദ്യമായാണ് ഒരു ക്ഷേത്രത്തിൽ നടക്കുന്നത്. ഇരുപത്തഞ്ചോളം കോലങ്ങളാണ് അരങ്ങേറുന്നത്. കൂടാതെ രാവിലെ മുതൽ നിരവധി കലാപരിപാടികളും നടക്കും.