ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല: സ്വാമി സച്ചിദാനന്ദ

Friday 02 January 2026 1:17 AM IST

ശിവഗിരി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ലെന്നാണ് ശിവഗിരി മഠത്തിന്റെ നിലപാടെന്നും ഇക്കാര്യം നിത്യചൈതന്യ യതി നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറ‌ഞ്ഞു. തീ‌ർത്ഥാടന ലക്ഷ്യങ്ങളിൽ ഒന്നായ 'സംഘടന"യെ മുൻനിറുത്തി നടന്ന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളു ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ ഒരു യുവതി കാൽ കഴുകിയപ്പോൾ അവരെ അയിത്തം കൽപ്പിച്ച് മാറ്റിനിറുത്തിയ പ്രവണത തിരുത്തണം. ഗുരുവായൂരിൽ യേശുദാസിന് ഇപ്പോഴും പ്രവേശനമില്ല. വാസ്തവത്തിൽ യേശുദാസിനെക്കാൾ നല്ല ഹിന്ദു വേറെയില്ല. ഗുരുദേവന് ഒരു സമുദായത്തിന്റെ മുഖംമൂടി നൽകി ഒറ്റയ്ക്കിരുത്തിയെന്നത് കേരളീയരും ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും ചെയ്ത വലിയ തെറ്റാണ്. മാനവരൊക്കെയും ഒന്ന് എന്നതാണ് ശ്രീനാരായണ മതമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.