ബാഗിൽനിന്ന് കുടമാറ്റാൻ സമയമായില്ല, തലസ്ഥാന ജില്ലയിലുൾപ്പെടെ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നലെയും സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ മഴ പെയ്തിരുന്നു.
അതേസമയം, സംസ്ഥാനത്ത് ചൂട് കടുക്കുകയാണ്. പകൽ സമയത്തെ ചുട്ടുപൊള്ളുന്ന ചൂടിൽ കിണറുകളും, തോടുകളും കുളങ്ങളും വറ്റി വരണ്ടുതുടങ്ങിയതോടെ പലജില്ലകളിലും കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്. മലയോര മേഖലയിലാണ് ഇത് കൂടുതൽ. കുന്നിൻ പ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
കോട്ടയം ജില്ലയിലെ മുണ്ടക്കയം, മണിമല, നാട്ടകം, കൊല്ലാട്, ദിവാൻപുരം, പാക്കിൽ, കീഴ്ക്കുന്ന്, പാമ്പാടി, കറുകച്ചാൽ, നെടുംകുന്നം, മറിയപ്പള്ളി, കുമരകം, തിരുവാർപ്പ്, കാഞ്ഞിരം, കുറുപ്പന്തറ എന്നിവിടങ്ങളിൽ ജനം കടുത്ത ആശങ്കയിലാണ്. വേനൽച്ചൂട് ഇനിയും കൂടുകയാണെങ്കിൽ കൃഷിയിടങ്ങളിലേക്ക് കൂടുതൽ വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്. വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായത് മുതലാക്കി കുടിവെള്ളക്കച്ചവടക്കാരും കളത്തിലിറങ്ങി. തോന്നുംപടിയാണ് വില ഈടാക്കുന്നത്.
ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ കുടിവെള്ള വിതരണം നടത്താൻ കഴിയൂ. കുടിവെള്ളം എടുക്കുന്ന കിണർ, ജലസ്ത്രോതസ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ച് ഗുമേന്മ ഉറപ്പുവരുത്തണം. എന്നാൽ പലരും അനുമതി വാങ്ങാറില്ല. ശുദ്ധജലമെന്ന പേരിൽ പലരും എത്തിക്കുന്നത് പാറക്കുളത്തിലെ വെള്ളമാണ്. സ്വന്തമായി വാഹനവും വാട്ടർ ടാങ്കുമുള്ളവരെല്ലാം കുടിവെള്ളവുമായി ഇറങ്ങുന്ന കാഴ്ചയാണ്. പണം സമ്പാദിക്കുകയാണ് ലക്ഷ്യം. വിവിധ നിരക്കുകളാണ് ഈടാക്കുന്നത്. പിക്കപ്പ് വാനുകൾ, ഓട്ടോറിക്ഷകൾ, മിനി ലോറികൾ എന്നിവയിലാണ് ജലവിതരണം.