'അമിത രക്തസ്രാവത്തിന് പിന്നാലെ ഹൃദയസ്‌തംഭനം'; ചികിത്സാപ്പിഴവല്ല കാവ്യക്കുണ്ടായത് അപൂർവ അവസ്ഥയെന്ന് ആശുപത്രി അധികൃതർ

Friday 02 January 2026 12:23 PM IST

കൊച്ചി: പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവ് മൂലമല്ലെന്ന് വടക്കൻ പറവൂരിലെ ഡോൺ ബോസ്‌കോ ആശുപത്രി. ബന്ധുക്കൾ ചികിത്സാപ്പിഴവ് ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മെഡിക്കൽ സൂപ്രണ്ട് ഡോ. പി കെ കുഞ്ചറിയ രംഗത്തെത്തിയത്. മരിച്ച പട്ടണംപള്ള സ്വദേശി കാവ്യമോളുടേത് (30) അപൂർവമായി കാണുന്ന അവസ്ഥയായിരുന്നെന്നും അവ‌ർ പറഞ്ഞു.

'പ്രസവത്തിന് പിന്നാലെ അമിതമായ രക്തസ്രാവം ഉണ്ടായി. അപൂർവമായി കാണുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് ഗർഭപാത്രം നീക്കം ചെയ്‌തു. ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഹൃദയസ്‌തംഭനം ഉണ്ടായി. സംഭവത്തിൽ വീഴ്‌ചയുണ്ടായിട്ടില്ല. ആദ്യഘട്ടത്തിൽ നൽകാനുള്ള രക്തം ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ആശുപത്രി മാറ്റത്തെക്കുറിച്ച് ബന്ധുക്കൾ സൂചിപ്പിച്ചപ്പോൾ തന്നെ സമ്മതിച്ചിരുന്നു' - ഡോ. പി കെ കുഞ്ചറിയ പറഞ്ഞു.

ഡിസംബർ 24ന് കാവ്യയുടെ രണ്ടാമത്തെ പ്രസവമാണ് ഡോൺ ബോസ്‌കോ ആശുപത്രിയിൽ നടന്നത്. പകൽ 12.50ന് പെൺകുഞ്ഞിന് കാവ്യ ജന്മം നൽകി. പിന്നീട് അപകടനിലയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധിക‌ൃതർ വിസമ്മതിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. വൈകിട്ട് നാല് മണിയോടെയാണ് ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചത്. പിന്നീട് ആരോഗ്യനില വഷളായതോടെയാണ് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ആശുപത്രി അധികൃതർ തന്നെ രാത്രി 9.30ന് ഏർപ്പാടാക്കിയത്.

ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് മസ്‌തിഷ്‌ക മരണം സംഭവിക്കുകയും ചെയ്‌തു. എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്‌‌കാരം നടത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പിന്നാലെ ഇതേ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം ജീവൻ നഷ്‌ടമായതുൾപ്പെടെയുള്ള അനുഭവങ്ങൾ നിരവധിപേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.