'ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് സംഘടനകളായ ബജ്‌റംഗ്‌ദളും വിഎച്ച്‌പിയും, മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഭരണാധികാരികൾ ഉത്തരവാദിത്തപ്പെട്ടവർ'
കോട്ടയം: മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികനും ഭാര്യയുമടക്കം 12 പേർക്ക് ജാമ്യം ലഭിച്ചത് കഴിഞ്ഞദിവസമാണ്. ഇതിനിടെ രാജ്യത്ത് ക്രിസ്മസ് സമയത്ത് നടന്ന ക്രൈസ്‌തവർക്കെതിരായ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് ഓർത്തഡോക്‌സ് സഭ. ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് സംഘടനകളായ വിഎച്ച്‌പിയും ബജ്റംഗ്‌ദളുമാണെന്ന് സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ തൃതീയൻ കാത്തോലിക്കാ ബാവ പറഞ്ഞു. ഏത് മതത്തിലും മതഭ്രാന്തന്മാരുണ്ടാകാമെന്നും അവരെ നിയന്ത്രിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ രാജ്യത്തെ ഭരണകർത്താക്കളാണെന്നും കാത്തോലിക്കാ ബാവ സൂചിപ്പിച്ചു.
കന്യാസ്‌ത്രീകൾ കഴിഞ്ഞ് ഇപ്പോൾ വൈദികരെ ആക്രമിച്ചു. പള്ളികളുടെ പുറത്തുള്ള ക്രിസ്‌മസ് ആഘോഷങ്ങൾ നശിപ്പിക്കുകയാണ് പള്ളിക്കകത്തേക്കും ഇവർ കയറാനും അധികം താമസമില്ലെന്നും ബാവ ഓർമ്മിപ്പിച്ചു. ക്രിസ്ത്യൻ സമൂഹത്തിന് എതിരായി നടക്കുന്ന ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം വേണമെന്നും ബസേലിയോസ് മാർത്തോമ തൃതീയൻ കാത്തോലിക്കാ ബാവ ആവശ്യപ്പെട്ടു. കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏത് മതവും സത്യത്തിനും നീതിക്കും സ്നേഹത്തിനും സന്ദേശം നൽകുന്നതാണ്. അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെപ്പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് പറയുന്ന ആർഎസ്എസിന്റെ ആപ്തവാക്യം ഇവിടെ നടപ്പാകില്ല. അതിനായി ക്രിസ്ത്യാനികൾ രക്തസാക്ഷികളാകുന്നതിന് ഒരു മടിയുമില്ല.ക്രിസ്തുമതമുണ്ടായത് രക്തസാക്ഷിത്വത്തിൽ നിന്നാണ്. ഒന്നാം നൂറ്റാണ്ടിൽ മാർത്തോമ ശ്ളീഹ ഇന്ത്യയിൽ വന്ന് സുവിശേഷം അറിയിച്ചപ്പോൾ ഇവിടെയുണ്ടായിരുന്ന ആളുകൾ ഇതെല്ലാം സ്വീകരിച്ചു. ആരെയും നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചില്ല. അങ്ങനെയെങ്കിൽ ജനസംഖ്യയിൽ 2.7 ശതമാനം മാത്രമായി ക്രിസ്ത്യാനികളുണ്ടാകുമായിരുന്നില്ല.' കാത്തോലിക്കാ ബാവ പറഞ്ഞു.
ആരാധനാലയങ്ങൾ നിർമ്മിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഭരണഘടന നൽകുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രിസ്തുവിന് മുൻപ് 2000ത്തിൽ ഇറാനിൽ നിന്ന് കുടിയേറിയ ആര്യന്മാർ ബ്രാഹ്മണിക ആരാധന ഉണ്ടാക്കിക്കഴിഞ്ഞ് ഉണ്ടായ മതമാണ് ഹിന്ദൂയിസം എന്നും ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ആര്യനും ഒരു ഹിന്ദുവും ഇല്ലെന്നും ബാവ പറഞ്ഞു.