വിയർപ്പുതുന്നിയിട്ട കുപ്പായം! കൈത്തയ്യലിൽ തുടങ്ങി, ഇന്ന് ഫാഷൻ ലോകത്തിന് വിസ്‌മയമായി മാറിയ മിന്നു

Friday 02 January 2026 3:24 PM IST

ഫാഷൻ ലോകത്ത് വിസ്‌മയം തീർക്കുകയാണ് ക‌ൃഷ്‌ണപ്രിയ എന്ന 21കാരി. സാമ്പത്തിക ഞെരുക്കങ്ങളെയും കഠിനതകളെയും നിശ്ചയദാർഢ്യവും പാഷനോടുള്ള അതീയായ ഇഷ്ടവുംകൊണ്ട് അതിജീവിച്ച ആലപ്പുഴക്കാരി. സൂചിയും നൂലും ഉപയോഗിച്ച് കൈത്തയ്യലിൽ തുടങ്ങി ഇന്ന് സ്വന്തം ഫാഷൻ വെബ്‌സൈറ്റിലൂടെ സ്വയം തുന്നിയെടുക്കുന്ന വസ്ത്രങ്ങൾ വിൽക്കുന്നു. 'യുമിബൈമിന്നു' എന്ന ഫാഷൻ വെബ്‌സൈറ്റിൽ ആയിരക്കണക്കിന് കസ്റ്റമറുകളാണുള്ളത്.

ആലപ്പുഴ എരമല്ലൂരുകാരി മിന്നു എന്ന കൃഷ്‌ണപ്രിയ എം എസ് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയാണ്. ഹോളിവുഡ് - ബോളിവുഡ് നടിമാ‌രും വിവിധ മേഖലയിലെ സെലിബ്രിറ്റികളും മാത്രം ധരിച്ചുകണ്ടിട്ടുള്ള വസ്‌ത്രങ്ങൾ കേരളത്തിലെ ഒരു സാധാരണക്കാരിയായ പെൺകുട്ടി തുന്നിയണിയുന്നതുകണ്ട് സോഷ്യൽ മീഡിയ അമ്പരന്നു. അവർ കയ്യടിച്ച് പ്രചോദിപ്പിച്ചതാണ് കേരളക്കരയിൽ നിന്ന് മികച്ചൊരു ഫാഷൻ ഡിസൈനറുടെ പിറവിക്ക് കാരണമായത്.

കുട്ടിക്കാലം മുതൽതന്നെ തയ്യൽ ഇഷ്ടമായിരുന്നുവെന്ന് കൃഷ്‌ണപ്രിയ പറയുന്നു. തുണികൊണ്ട് പാവയും മറ്റും തുന്നുമായിരുന്നു. ഫാഷനുള്ള വസ്ത്രങ്ങൾ തയ്ക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പരിമിതമായ ജീവിത സാഹചര്യങ്ങൾ അതിനനുവദിച്ചില്ല. അച്ഛൻ എൻ പി ഷാജി ചിത്രകാരനാണ്, ശിൽപിയും. അമ്മ രാജി വീട്ടമ്മയും. മാതാപിതാക്കളും പ്ളസ്‌ടുവിദ്യാർത്ഥിയായ അനുജനും അച്ഛന്റെ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പിതാവിന്റെ വരുമാനമായിരുന്നു.

2019ൽ സഹോദരിയുടെ വിവാഹത്തിന് ഗൗൺ ധരിക്കണമെന്ന് കൃഷ്‌ണപ്രിയ ഏറെ ആഗ്രഹിച്ചുവെങ്കിലും വീട്ടിലെ സാമ്പത്തികാവസ്ഥകൾ കാരണം അതിന് സാധിച്ചില്ല. തുട‌ർന്ന് യുട്യൂബ് വീഡിയോകൾ കണ്ട് ഗൗൺ തുന്നാൻ പഠിച്ചു. എങ്കിലും തുണിയുടെ വിലക്കൂടുതൽ കാരണം ഗൗൺ തുന്നാൻ സാധിച്ചില്ല. പകരം സ്വന്തമായി സ്‌കർട്ടും ടോപ്പും തുന്നിയിട്ടു. ഡ്രസ് കണ്ട് മറ്റുള്ളവർ അഭിനന്ദിച്ചത് ആത്മവിശ്വാസമുണ്ടാക്കി. അങ്ങനെ വസ്ത്രങ്ങൾ നിർമിച്ച് ചെറിയ രീതിയിൽ വിൽക്കാനും തുടങ്ങി. കുഞ്ഞുടുപ്പ് തുന്നി വിറ്റപ്പോൾ ലഭിച്ച 250 രൂപയായിരുന്നു ആദ്യ വരുമാനം. അയൽക്കാരിയായ കൂട്ടുകാരിക്കാണ് ആദ്യമായി വലിയ ഡ്രസ് തുന്നിനൽകിയത്.

വസ്ത്രങ്ങൾ തുന്നുന്നത് സ്വന്തമായി അണിഞ്ഞ് സമൂഹമാദ്ധ്യമങ്ങളിലും പങ്കുവയ്ക്കാൻ തുടങ്ങി. ചെറിയൊരു വീട്ടിലാണ് കൃഷ്‌ണപ്രിയയും കുടുംബവും കഴിയുന്നത്. വീട്ടിലെ ഒരു വശത്തായി ചുമരിൽ തുണിയിട്ട് മറച്ചാണ് വീഡിയോകൾ ചെയ്തിരുന്നത്. 7000 രൂപയുടെ സ്വന്തം ഫോണിലായിരുന്നു വീഡിയോകൾ ചിത്രീകരിച്ചിരുന്നത്. ഫോണിൽ ക്ളാരിറ്റി കുറവായിരുന്നെങ്കിലും വീഡിയോകൾ പങ്കുവയ്ക്കുന്നത് തുടർന്നു. പഠനശേഷം ഫാഷൻ ഡിസൈനിംഗ് പഠനത്തിനായി ചേർന്നു. തമ്മനം ജിഎഎഫ്‌ഡി ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലായിരുന്നു പഠനം.

പഠനശേഷം കസ്റ്റമർ ആവശ്യപ്പെടുന്ന തരത്തിലെ വസ്ത്രങ്ങൾ നിർമിക്കാൻ ആരംഭിച്ചു. ഡയാന രാജകുമാരിയുടെ വിവാഹവസ്ത്രമടക്കം അതുപോലെ പകർത്തിയത് സമൂഹമാദ്ധ്യമ ഉപഭോക്താക്കളെ ഞെട്ടിച്ചു. സമൂഹമാദ്ധ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഓർഡറുകൾ വരുമാനം ഉയർത്തി. മിന്നുവിന്റെ വീഡിയോകൾ കണ്ട ഉഷ കമ്പനി തയ്യൽ മെഷീനുകൾ സമ്മാനിച്ചു. ഐഫോണിലും ക്യാമറയിലുമാണ് ഇപ്പോൾ വീഡിയോകൾ ചിത്രീകരിക്കുന്നത്. വെഡ്ഡിംഗ് ഗൗണുകളുടെ ഓർഡറുകളാണ് ഏറെയും ലഭിക്കുന്നത്. ഇന്ന് കാനഡ, ദുബായ് അടക്കം ലോകത്തിലെ വിവിധയിടങ്ങളിൽ വസ്ത്രങ്ങൾ തുന്നി അയയ്ക്കുന്നു. തുന്നലും വിൽപനയുമെല്ലാം ഒറ്റയ്ക്കാണ്. താൻ വളർന്ന ജീവിതസാഹചര്യങ്ങൾ മനസിലുള്ളതിനാൽ സാധാരണക്കാർക്കും വാങ്ങാൻ സാധിക്കുന്ന വിലയിലാണ് വസ്ത്രങ്ങൾ വിൽക്കുന്നത്. മാസം അഞ്ചു ഓർഡറുകൾ വരെയാണ് ഇപ്പോൾ എടുക്കുന്നത്. കൂടുതലും സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിൽപന. കൂടാതെ അച്ഛനും അമ്മയ്ക്കുമൊപ്പം ചേർന്ന് സ്വന്തമായി വീടും നിർമിക്കുന്നു. ഇനി സ്വന്തമായൊരു ബുട്ടീക് ആണ് കൃഷ്‌ണപ്രിയയുടെ സ്വപ്‌നം.