'ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി'; ഫേസ്ബുക്ക് പോസ്റ്റുമായി വൈഷ്ണ സുരേഷ്
ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി പങ്കുവച്ച് മുട്ടട വാർഡ് കൗൺസിലർ വൈഷ്ണ സുരേഷ്. വൈഷ്ണയുടെ ജന്മദിനമായ ഇന്ന് തന്നെ മുട്ടടയിലെ കൗൺസിലർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു എന്നതാണ് ആ സന്തോഷവാർത്ത. ഇതിന്റെ ചിത്രവും വൈഷ്ണ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ആശംസ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയുണ്ട്, കൂടെയുണ്ടാകണം എന്നുപറഞ്ഞാണ് കുറിപ്പ് തുടങ്ങിയിരിക്കുന്നത്. ഇത്തവണ അട്ടിമറി ജയമാണ് യുഡിഎഫിന്റെ വൈഷ്ണ സുരേഷ് മുട്ടട വാർഡിൽ നേടിയിരിക്കുന്നത്. ഇടതുകോട്ടയായ മുട്ടടയിൽ സിപിഎമ്മിന്റെ അംശു വാമദേവനെയാണ് വൈഷ്ണ തോൽപ്പിച്ചത്.
മുട്ടട വാർഡിലെ വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഒടുവിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൈഷ്ണയുടെ പേര് ഉൾപ്പെടുത്തിയത്. കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു വൈഷ്ണ.
1607 വോട്ടുകളാണ് വൈഷ്ണ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന്റെ അംശു വാമദേവന് 1210 വോട്ടുകളാണ് ലഭിച്ചത്. ബിഡിജെഎസ് സ്ഥാനാർത്ഥി അജിത് കുമാർ എൽ വിക്ക് നേടാനായത് ആകെ 460 വോട്ടാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വൈഷ്ണയുടെ വോട്ട് വെട്ടിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
വോട്ടർ പട്ടികയ്ക്കൊപ്പമുള്ള ടി സി നമ്പർ തെറ്റെന്ന് ആരോപിച്ച് സിപിഎം നൽകിയ പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയത്. എന്നാൽ, മത്സരിക്കാനുള്ള അവസരം ഒഴിവാക്കരുതെന്നും രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നുമായിരുന്നു ഹൈക്കോടതി നിലപാട്. വൈഷ്ണയുടെ വോട്ട് വെട്ടാൻ മുൻ മേയർ ആര്യാ രാജേന്ദ്രൻ ഇടപെട്ടു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.