അഡീനിയ ലഹരിയിൽ ബെസി മുത്തശി

Friday 02 January 2026 4:03 PM IST

കളമശേരി: എൺപത്തിരണ്ടിലും മഞ്ഞുമ്മൽ കണക്കശേരി വീട്ടിൽ ബെസി മുത്തശിക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. അഡീനിയം ചെടി നട്ടു പരിപാലിക്കുന്നതിലാണ് കമ്പം, വീടിന്റെ പൂമുഖത്ത് നൂറോളം ചട്ടികളിൽ വിവിധ നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന അഡീനിയം ബോൺസായ് ചെടികളുടെ വർണക്കാഴ്ച വഴിയാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്നു. മഞ്ഞുമ്മലിലെ പ്രധാന റോഡരികിലാണ് മുപ്പതുസെന്റുള്ള വീട് സ്ഥിതിചെയ്യുന്നത്.

പതിനൊന്ന് വർഷം പഴക്കമുള്ള അഡീനിയം നാലെണ്ണമുണ്ട്. തൂവെള്ള നിറം മുതൽ കടുംചുവപ്പുനിറം വരെയുണ്ട്. വർഷം മുഴുവനും പൂക്കളുണ്ടാകുന്ന ഈ അലങ്കാര ചെടിയുടെ നാലഞ്ചു വിത്തുകൾ എറണാകുളത്ത് നിന്നാണ് കൊണ്ടുവന്നത്. ചകിരി, ചാണകം, എല്ലുപൊടി, ആറ്റുമണൽ, മണ്ണ് എന്നിവ കൃത്യമായി ചേർത്ത്, ഒന്നരാടം നനച്ച്, വർഷത്തിലൊരിക്കൽ ചട്ടി മാറ്റിയാണ് പരിപാലനം. ഇടയ്ക്ക് ഗ്രാഫ്റ്റിംഗ് രീതിയും പരീക്ഷിക്കാറുണ്ട്. കീടബാധയേൽക്കാതിരിക്കാൻ മരുന്നുപ്രയോഗവുമുണ്ട്.

ചെടികൾ കൂടാതെ മത്സ്യക്കൃഷിയിലും മുത്തശിക്ക് കമ്പമുണ്ട്. 10കി.ഗ്രാം തൂക്കം വരുന്ന ഗൗരാമീനുണ്ടായിരുന്നു, പിന്നെ പിലോപ്പിയും. കൂട്ടത്തിൽ മറ്റ് ഫലവൃക്ഷാദികളും.

ഫാക്ട് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് സ്റ്റീഫന്റെ വേർപാടിന്റെ വേദന മറക്കാൻ കൂടിയാണ് ചെടി വളർത്തലിലും മത്സ്യക്കൃഷിയിലും മുഴുകാൻ കാരണം. മകൾ എഡ്നയ്ക്കും മരുമകൻ തോമസിനുമൊപ്പമാണ് താമസം. മറ്റുമക്കൾ സപ്ന, രചന.