മുട്ട വിലയിലും ചൂടേറുന്നു

Saturday 03 January 2026 2:18 AM IST

കൊച്ചി: ഉത്തരേന്ത്യയിലെ കൊടുംതണുപ്പിൽ 'ചൂടായി' കോഴിമുട്ട വിപണി. കേരളത്തിൽ മുട്ടവില ഒരു രൂപയോളം ഉയർന്നു. എറണാകുളം മാർക്കറ്റിൽ നിലവിൽ 7.10 രൂപയാണ് മൊത്തക്കച്ചവട നിരക്ക്. കടകളിൽ എട്ട് രൂപയും. ഫെബ്രുവരി പാതിയോടെ വില കുറഞ്ഞേക്കുമെങ്കിലും വലിയ ഇടിവ് ഉണ്ടായേക്കില്ല. അതേസമയം, താറാവുമുട്ടയ്ക്ക് വില ഉയർന്നിട്ടില്ല. 10 രൂപയാണ് നിരക്ക്.

ശൈത്യകാലത്ത് ഉത്തരേന്ത്യയിൽ കോഴിമുട്ടയ്ക്ക് വൻ ഡിമാൻഡാണുള്ളത്. ദക്ഷിണേന്ത്യയിലെ പ്രധാന കോഴിമുട്ട ഉത്പാദനകേന്ദ്രമായ നാമക്കല്ലിൽ നിന്ന് പ്രതിദിനം ലോഡ് കണക്കിന് മുട്ടകളാണ് ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്നത്. ലഭ്യതക്കുറവും ഉത്തരേന്ത്യയിലേക്കുള്ള കയറ്റുമതിയുമാണ് കേരളത്തിൽ വില ഉയരാൻ കാരണം.

സാധാരണ ഡിസംബർ മുതൽ ഫെബ്രുവരി വരെ കോഴിമുട്ട വിലയിൽ വർദ്ധനവ് ഉണ്ടാകാറുണ്ട്. എന്നാൽ ഇത്രത്തോളം വില മുമ്പെങ്ങും ഉയർന്നിട്ടില്ല. നാമക്കല്ലിൽ 6.40 രൂപയാണ് മുട്ടയ്ക്ക് വില. കേരളത്തിൽ എത്തുമ്പോൾ 6.90 രൂപയാകും. 7.10 മുതൽ 7.20 രൂപ നിരക്കിലാണ് മൊത്തക്കച്ചവടം. കേടുവന്നതും പൊട്ടിയതും മൂലമുള്ള നഷ്ടം വേറെ. കാര്യമായ ലാഭം ലഭിക്കുന്നില്ലെന്ന് എറണാകുളം മാർക്കറ്റിലെ മുട്ടവ്യാപാരി പറയുന്നു.

മൊത്തക്കച്ചവട നിരക്ക് ഒന്നിന് 7.10 രൂപ

കടകളിൽ 8 രൂപ

ഏറ്റവുമുയർന്ന വില

നാഷണൽ എഗ് കോഓർഡിനേഷൻ കമ്മിറ്റിയാണ് മുട്ടവില നിശ്ചയിക്കുന്നത്. നാമക്കല്ലിലേത് ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയാണിത്. കോഓർഡിനേഷൻ കമ്മിറ്റിയുടെ വിലവിവരപ്പട്ടിക പ്രകാരം നവംബർ ഒന്നിന് നാമക്കല്ലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നാമക്കല്ലിൽ മുട്ടയുടെ വില 5.70 രൂപയിൽ കൂടുന്നത് ഇത്തവണയാണ്. ഹൈദരാബാദിൽ 6.50 രൂപയും വിജയവാഡയിൽ 6.70 രൂപയുമാണ് വില. ഏറ്റവും കുറഞ്ഞവില നാമക്കല്ലിലാണ്.

 നാമക്കൽ

ഒരു ദിവസം ശരാശരി ആറ് കോടിയോളം മുട്ടകളാണ് നാമക്കല്ലിൽ ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് റിപ്പോർട്ട്. 10,000 മുതൽ ഏഴ് ലക്ഷം വരെ മുട്ടക്കോഴികളാണ് ഇവിടുത്തെ ഓരോ ഫാമിലുമുള്ളത്. ഇത്തരം എഴുന്നൂറോളം ഫാമുകൾ നാമക്കല്ലിലുണ്ട്. കേരളത്തിന് ആവശ്യമുള്ള മുട്ടയും നാമക്കല്ലിൽ നിന്നാണ് വരുന്നത്.