മുംബയ്-അഹമ്മദാബാദ്  ബുള്ളറ്റ്  ട്രെയിൻ;  വേഗതയ്ക്കൊപ്പം വിസ്മയിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി

Friday 02 January 2026 4:30 PM IST

മുംബയ്: ബുള്ളറ്റ് ട്രെയിനുകളെന്നാൽ വേഗതയിൽ മാത്രമല്ല, അവയുടെ നിറങ്ങളും ലോകപ്രസിദ്ധമാണ്. ജപ്പാനിലെ ഷിൻകാൻസെൻ ട്രെയിനുകൾ മുതൽ ഇന്ത്യയിൽ വരാനിരിക്കുന്ന ബുള്ളറ്റ് ട്രെയിനുകളിൽ വരെ, ഓരോ നിറവും കൃത്യമായ ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. റെയിൽവേയുടെ പാരമ്പര്യം, പ്രാദേശിക സംസ്‌കാരം തുടങ്ങിയവയാണ് നിറങ്ങളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്.

ജപ്പാന്റെ ഇ ഫൈവ് സീരീസ് ട്രെയിനുകളാണ് മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും അവയുടെ നിറങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചുവപ്പും വെള്ളയും കലർന്ന നിറത്തിലായിരിക്കും ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ എത്തുക. രാജ്യത്തെ നഗരങ്ങളുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിന്നതിനാണ് ഈ നിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ചുവപ്പ് കരുത്തിനെയും പാരമ്പര്യത്തെയും സൂചിപ്പിക്കുമ്പോൾ, വെള്ള സമാധാനത്തെയാണ് അടയാളപ്പെടുത്തുന്നത്.

ജപ്പാനിൽ പച്ചയും വെള്ളയുമാണെങ്കിൽ, നമ്മുടെ രാജ്യത്തെ തനിമയും വികസനക്കുതിപ്പും വ്യക്തമാക്കാനാണ് ചുവപ്പും വെള്ളയും തിരഞ്ഞെടുത്തിരിക്കുന്നത്. ജപ്പാനിലെ ഭൂരിഭാഗം ബുള്ളറ്റ് ട്രെയിനുകളും വെള്ള നിറത്തിൽ നീലയോ പച്ചയോ വരകളുള്ളവയാണ്. വേഗതയും സുരക്ഷയുമാണ് ഈ ഡിസൈനിലൂടെ അവർ സൂചിപ്പിക്കുന്നത്.

ബുള്ളറ്റ് ട്രെയിൻ വിപ്ലവത്തിന് ആരംഭം കുറിച്ച സീറോ സീരീസ് വെള്ള നിറവും നീല വരയുമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഇന്നും ജപ്പാനിലെ അതിവേഗ റെയിൽവേയുടെ പ്രതീകമായിട്ടാണ് നിലകൊള്ളുന്നത്. ആധുനിക മോഡലുകളായ എൻ700 പോലുള്ളവയിൽ നേർത്ത നീല വരകളാണ് നൽകിയിരിക്കുന്നത്, ഇത് ട്രെയിനുകൾക്ക് കൂടുതൽ മിനുസമാർന്ന ലുക്കാണ് നൽകുക. ജപ്പാന്റെ പ്രകൃതിസൗന്ദര്യത്തെ ട്രെയിനുകളിലേക്ക് കൊണ്ടുവരാനും അധികൃതർ ശ്രമിച്ചിട്ടുണ്ട്.