പത്ത് ദിവസം കൊണ്ട് നേടിയത് 80 കോടി രൂപ,​ നേട്ടം കൊയ്ത് സർക്കാർ‌ സ്ഥാപനം

Friday 02 January 2026 6:59 PM IST

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര സീസണിൽ സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റു വരവ്. 36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്. ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്. ഡിസംബർ 25 അവധിയായിരുന്നു. പെട്രോൾ, റീട്ടെയിൽ ഉൾപ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും 6 ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിൽപ്പന ഉൾപ്പെടെയുള്ള കണക്കാണിത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട , എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകൾ ഈ ദിവസങ്ങളിൽ സപ്ലൈകോ സംഘടിപ്പിച്ചിരുന്നത്.

പ്രത്യേക ഫെയറുകളിൽ നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റു വരവ് ഉണ്ടായി. ഇതിൽ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങളും 33.06 ലക്ഷം രൂപ സബ്സിഡിയിതര ഇനങ്ങളുമാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രത്യേക ക്രിസ്മസ് ഫെയറിൽ 29.31 ലക്ഷം രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്. ഇതിൽ സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ് 16.19 ലക്ഷം രൂപയാണ്.