ന്യൂ ഇയർ പരിപാടിക്കിടെ പൊലീസ് ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവം; ഇടപെട്ട് മുഖ്യമന്ത്രി

Friday 02 January 2026 7:09 PM IST

പത്തനംതിട്ട: ന്യൂ ഇയർ പരിപാടിക്കിടെ പൊലീസുകാരൻ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് തകർത്ത സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ക്രമസമാധന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി. എന്നാൽ കേസിന് പോകാൻ ആഗ്രഹമില്ലെന്നും പൊലീസ് ലാപ്ടോപ്പ് വാങ്ങി തന്നാൽ മതിയെന്നുമാണ് ഡി ജെ അഭിരാം സുന്ദർ പറഞ്ഞത്.

പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെയായിരുന്നു സംഭവം. ഡിജെ കലാകാരന്റെ ലാപ്ടോപ്പ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടക്കം അഭിരാം സുന്ദർ ഇന്നലെ പങ്കുവച്ചിരുന്നു. അർദ്ധരാത്രിക്ക് ശേഷവും തുടർന്ന പരിപാടി നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിച്ചെന്നും ലാപ്ടോപ്പ് തകർത്തുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തെക്കുറിച്ച് അഭിരാം പറയുന്നത് ഇങ്ങനെ:

ഒരുപാട് ആഗ്രഹിച്ച് കഷ്ടപ്പെട്ടാണ് ഡിജെയ്ക്ക് വേണ്ടി ഞാൻ ഒരു ഗെയിമിംഗ് ലാപ്ടോപ്പ് വാങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപയോളം ഇതിന് ചെലവായി. ഇപ്പോൾ ന്യൂയർ സമ്മാനമായി കേരള പൊലീസ് ഇത് ഇങ്ങനെയാക്കി. നമ്മളെ പോലുള്ള സാധാരണക്കാർക്ക് എന്ത് ചെയ്യാൻ പറ്റും. അവർ അല്ലെ നശിപ്പിച്ചത്. അവരോട് എങ്ങനെ പരാതി പറയും.

ഇന്നലെ ന്യൂ ഇയറിന് പത്തനംതിട്ടയിലായിരുന്നു പരിപാടി. പരിപാടിക്ക് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് സംഘാടകർ പറഞ്ഞത്. പരിപാടി തുടങ്ങാൻ കുറച്ച് താമസിച്ചിരുന്നു. അങ്ങനെ അനുമതി വാങ്ങിയ സമയം കഴിഞ്ഞിരുന്നു.

പക്ഷേ അത് ഞാൻ അറിഞ്ഞില്ല. അങ്ങനെ നല്ല രീതിയിൽ പരിപാടി പോകുന്ന സമയത്ത് ഒരു പൊലീസുകാരൻ സ്റ്റേജിനടുത്തേക്ക് വന്നു. ഈ പൊലീസുകാരൻ വരുന്നത് കണ്ട ഉടൻ ഞങ്ങൾ ഡിജെ നിർത്തി. എന്നാൽ സ്റ്റേജിലേക്ക് വന്ന മറ്റൊരു പൊലീസുകാരൻ കാൽ കൊണ്ട് ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിക്കുകയായിരുന്നു. ഞാൻ അത്രയും സുരക്ഷിതമായി കൊണ്ട് നടന്ന ലാപ്ടോപ്പ് ആയിരുന്നു. ഞാൻ പാട്ട് നിർത്തിയിട്ടും എന്റെ ലാപ്ടോപ്പ് അദ്ദേഹം ചവിട്ടി. വലിയ സങ്കടം നിറഞ്ഞ സമയമായിരുന്നു അത്.