പിങ്ക് കാർഡ്: മണ്ണെണ്ണ വിഹിതം അര ലിറ്ററാക്കി
തിരുവനന്തപുരം: ആവശ്യത്തിന് മണ്ണെണ്ണ സ്റ്റോക്ക് ഉണ്ടായിട്ടും മുൻഗണനാ വിഭാഗത്തിലെ പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു. ഒരു ലിറ്ററാണ് നൽകിയിരുന്നത്. 36,79,218 കുടുംബങ്ങളാണ് പിങ്ക് കാർഡ് ഗുണഭോക്താക്കൾ. ഈ മാസം മുതൽ മാർച്ച് 31വരെയുള്ള ക്വാർട്ടറിലെ വിഹിതം സംബന്ധിച്ച് ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
മഞ്ഞ കാർഡ് ഉടമകൾക്കുള്ള (9,53,8959) ഒരു ലിറ്റർ വിഹിതം തുടരും. വെള്ള, നീല കാർഡ് ഉടമകൾക്കും നിലവിൽ അര ലിറ്ററാണ് വിഹിതം. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡ് ഉടമകൾക്ക് നിലവിലെപോലെ 6 ലിറ്റർ ലഭിക്കും. അതേസമയം, കേന്ദ്ര സർക്കാർ വില കുറച്ചതിനാൽ മണ്ണെണ്ണയുടെ വില ലിറ്ററിന് 74ൽ നിന്ന് 68 രൂപയായി കുറഞ്ഞു. ഇന്നു മുതൽ ജനുവരിയിലെ റേഷൻ വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വിലയ്ക്കു വാങ്ങാം.
എന്നാൽ, കൂടിയ വിലയ്ക്ക് മണ്ണെണ്ണ സ്റ്റോക്ക് എടുത്ത ഡീലർമാർക്കു കുറഞ്ഞ തുകയ്ക്കു റേഷൻ വ്യാപാരികൾക്കു വിൽക്കേണ്ടി വരുന്നത് അവർക്കു നഷ്ടത്തിനു കാരണമാകും. വിതരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടാത്തതിനാൽ റേഷൻ കടകളിൽ മണ്ണെണ്ണ ലഭിക്കാത്ത സ്ഥിതിയുമുണ്ട്.