തൊണ്ടിമുതലിൽ തിരിമറിക്കേസ് : വിധി ഇന്ന്

Saturday 03 January 2026 12:15 AM IST

നെടുമങ്ങാട്: തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസിൽ ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസിലെ രണ്ടാം പ്രതിയായ ആന്റണി രാജുവിനെതിരെ ഐ.പി.സി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ രക്ഷപ്പെടുത്താൻ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. കോടതി ജീവനക്കാരനായിരുന്ന ജോസാണ് കേസിലെ ഒന്നാം പ്രതി. വിചാരണ വേളയിൽ പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹനും പ്രതി ഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിതും കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങൾ ഉയർത്തിയിരുന്നു. വിചാരണ എം.പിമാർക്കും എം.എൽ.എമാർക്കുമായുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആന്റണി രാജുവിന്റെ ആവശ്യം മജിസ്‌ട്രേട്ട് കോടതി നേരത്തെ നിരസിച്ചിരുന്നു. കുറ്റം നടക്കുമ്പോൾ ആന്റണി രാജു ജനപ്രതിനിധിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.