അനിശ്ചിതത്വം നീങ്ങി, ഐ.ഒ.സി ഫീസ് അടച്ചു, സിലിണ്ടർ നിറച്ച കപ്പൽ നാളെ പുറപ്പെടും

Saturday 03 January 2026 12:20 AM IST

ബേപ്പൂർ: ലക്ഷദ്വീപിലേക്കുള്ള പാചക ഗ്യാസ് സിലിണ്ടർ വിതരണവുമായി ബന്ധപെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ബേപ്പൂർ തുറമുഖ കാര്യാലയത്തിൽ (കേരള മാരിടൈം ബോർഡ്) അടക്കേണ്ട ഫീസ് അടച്ചതിനെ തുടർന്ന് പാചക ഗ്യാസ് സിലിണ്ടറുകൾ നിറച്ച കപ്പൽ നാളെ ലക്ഷദ്വീപിലേക്ക് പുറപ്പെടും. ഐ.ഒ.സി യഥാസമയം ഫീസ് അടക്കാത്തതിനെ തുടർന്ന് ലക്ഷദ്വീപിലേക്ക് പാചക വിതരണ ഗ്യാസ് കയറ്റിയ രണ്ടു ചരക്ക് കപ്പലുകൾക്ക് ലക്ഷദ്വിപിലേക്ക് പോകാൻ തുറമുഖ അധികൃതർ അനുമതി നൽകിയിരുന്നില്ല. ഒരു മാസത്തോളം രണ്ടു കപ്പലുകളും തുറമുഖത്ത് നങ്കൂരമിട്ട നിലയിലായിരുന്നു. 3.50 ലക്ഷം രൂപയായായിരുന്നു വിവിധ ഫീസ് ഇനത്തിൽ ഇന്ത്യൻ ഓയിൻ കോർപ്പറേഷൻ കേരള മാരിടൈം ബോർഡിന് നൽകാനുണ്ടായിരുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗംഗ, എം.വി ഇലി കൽപേനി എന്നീ രണ്ട് ചരക്ക് ചരക്ക് കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് സിലിണ്ടറുമായി സർവീസ് നടത്തിയിരുന്നത്. ലക്ഷദ്വീപ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ്റെ നേതൃത്വത്തിലാണ് പാചക വാതക ഗ്യാസുകൾ ലക്ഷദ്വീപിലെത്തുന്നത്. കവരത്തി, മിനിക്കോയ്, കിൽട്ടൺ, അഗത്തി, കടമത്ത്, അമേനി, ആന്ത്രോത്ത് എന്നീ ദ്വീപുകളിലേക്കുള്ള ഗ്യാസ് വിതരണത്തിലാണ് പ്രതിസന്ധി നേരിട്ടത്. 2000 ഗ്യാസ് സിലിണ്ടറുമായി ഗംഗ എന്ന കപ്പൽ നാളെ അമേനി, ആന്ത്രോത്ത് എന്നീ ദ്വീപുകളിലേക്കാണ് പുറപ്പെടുന്നത്. തുറമുഖത്ത് നങ്കൂരമിട്ട രണ്ടാമത്തെ കപ്പൽ എം.വി ഇലി കൽപേനിയും ഐ.ഒ.സി യുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥയിലെ ചില സാങ്കേതിക തടസം നീങ്ങിയാലെ കപ്പലിന് സിലിണ്ടറുമായി ദ്വീപ് സമൂഹത്തിലേക്ക് പുറപ്പെടുവാൻ കഴിയുകയുളളൂ. രണ്ട് കപ്പലുകളും പുറപ്പെട്ടാൽ മാത്രമേ ലക്ഷദ്വീപിലെ പാചക വാതക വിഷയത്തിൽ ഒരു പരിധി വരെ പരിഹാരമാവുകയുള്ളു. ഗ്യാസ് സിലിണ്ടർ വൈകിയതിനെ തുടർന്ന് ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമായിരുന്നു. ഐ.ഒ.സി ഫീസ് അടക്കാത്ത വിഷയം കേരള കൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.