പാലക്കാട് നിലനിർത്താൻ ഷാഫിയോ? രമ്യ, സന്ദീപ്, തങ്കപ്പൻ എന്നിവരും പരിഗണനയിൽ

Saturday 03 January 2026 12:22 AM IST

പാലക്കാട്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി പാലക്കാട് മാറിക്കഴിഞ്ഞു. മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഉപതിരഞ്ഞെടുപ്പ് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡന കേസുകളിൽ കുടുങ്ങിയതോടെയാണ് മണ്ഡലം അതീവ ശ്രദ്ധാകേന്ദ്രമായത്. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം പാലക്കാട് നിലനിർത്തുക എന്നത് അഭിമാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ സ്റ്റാർ കാൻഡിഡേറ്റുകളിലേക്കാണ് കോൺഗ്രസിൽ ആദ്യ സാദ്ധ്യതകൾ ഉയരുന്നത്. പാലക്കാട് മുൻ എം.എൽ.എ കൂടിയായ ഷാഫി പറമ്പിൽ എം.പി തന്നെയാണ് സാദ്ധ്യതയുള്ളവരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. മണ്ഡലത്തിലെ സ്വീകാര്യതയാണ് ഷാഫിയുടെ പേരിന് മുൻതൂക്കം നൽകുന്നത്.

ആലത്തൂർ മുൻ എം.പി രമ്യാ ഹരിദാസാണ് പട്ടികയിലെ മറ്റൊരു മുഖം. മാങ്കൂട്ടം വിവാദം മറികടക്കാൻ വനിതാ മുഖം വരുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് രമ്യയുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരാണ് സാദ്ധ്യതാപട്ടികയിലെ അടുത്തയാൾ. നഗരത്തിലെ ബി ജെ പി വോട്ടുകൾ കൂടി ആകർഷിക്കാനാകുമെന്ന പ്രതീക്ഷയാണ് സന്ദീപ് വാര്യർക്ക് തുണയാകുന്നത്. ഡി.സി.സി അദ്ധ്യക്ഷൻ എ.തങ്കപ്പനാണ് പട്ടികയിലെ മറ്റൊരു പ്രമുഖൻ. ജില്ലയിലെ കോൺഗ്രസിനെ നയിക്കുന്നയാൾ എന്നതാണ് തങ്കപ്പന്റെ പേരിന് സാദ്ധ്യത വർദ്ധിപ്പിക്കുന്നത്.