രണ്ടാം വിമോചന സമരത്തിന് എൻ.എസ്.എസ് നേതൃത്വം നൽകണം: ഡോ. സിറിയക് തോമസ്

Saturday 03 January 2026 12:25 AM IST

കോട്ടയം: രാജ്യത്ത് സംഘടിത ഗാന്ധിനിന്ദയാണ് നടക്കുന്നത്. ഗാന്ധിയെ വീണ്ടെടുക്കാൻ രണ്ടാം വിമോചന സമരം തന്നെ വേണം. ഇതിന് എൻ.എസ്.എസ് നേതൃത്വം നൽകണമെന്ന് എം.ജി സർവകാലാശ മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് പറഞ്ഞു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്നം എന്നും ഗാന്ധിയനായിരുന്നു. എൻ.എസ്.എസ് രൂപീകരിച്ചപ്പോൾ അദ്ദേഹം പ്രസിഡന്റായി നിയോഗിച്ചത് മറ്റൊരു ഗാന്ധിയനായ കെ.കേളപ്പനെയാണ്. ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങൾക്ക് മന്നവും കേളപ്പനും നേതൃത്വം വഹിച്ചത് അവരുടെ ദേശീയബോധം കൊണ്ടാണ്. ഇരുവരും അവസാന ശ്വാസം വരെയും മതേതരവാദികളായിരുന്നു.

ഗാന്ധിജിയെ രാഷ്ട്രീയ പ്രതിഷ്ഠയായി നിലനിറുത്താൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. ഇടതുപക്ഷവും ഇതിനൊപ്പം ചേരണം. സോഷ്യൽ എൻജിനിയറിംഗിൽ എൻ.എസ്.എസിനുള്ള സ്ഥാനം വലുതാണ്. വിമോചന സമരത്തിന്റെ ഓർമ്മ ഇപ്പോഴും ഇടതുപക്ഷം ഭയക്കുന്നത് അതിന്റെ തെളിവാണ്. ശബരിമല ആചാരലംഘനം കണ്ടപ്പോൾ സ്വാഭാവിക പ്രതികരണവുമായി എൻ.എസ്.എസ് മുന്നോട്ടുവന്നു. 24 മണിക്കൂർ തികയും മുമ്പേ നാമജപ ഘോഷയാത്ര നടത്തി. പെരുന്നയിലെ ഓഫീസിലിരുന്ന് കേരളം മുഴുവൻ നടന്ന നാമജപ ഘോഷയാത്ര സുകുമാരൻ നായർ നയിച്ചു. പിന്നീടാണ് അതിലെ രാഷ്ട്രീയം കണ്ട് മറ്റുള്ളവർ ഏറ്റെടുത്ത് പേറ്റന്റ് സ്വന്തമാക്കിയത്. എന്നാൽ സുകുമാരൻ നായർ ആചാരലംഘനത്തിലെ വേദനമാത്രമാണ് കണ്ടത്. അദ്ദേഹം അസ്വസ്ഥനായി. നാമജപ ഘോഷയാത്ര കണ്ടപ്പോൾ മന്നം സ്വർഗത്തിലിരുന്ന് അയ്യപ്പനോട് തന്റെ പിൻഗാമിയോടുള്ള മതിപ്പ് പറഞ്ഞിട്ടുണ്ടാവും. അദ്ദേഹത്തിന്റെ നേതൃവൈഭവം മന്നത്തിന് അഭിമാനമാണ്. അധികാരത്തിലേറാൻ ആഗ്രഹിക്കുന്ന കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയക്കാർ എൻ.എസ്.എസിനെ പിണക്കാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. രാജീവ് ആലുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വാഗതവും, ട്രഷറർ അഡ്വ.എൻ.വി. അയ്യപ്പൻ പിള്ള നന്ദിയും പറഞ്ഞു.