ക്ഷാമബത്ത 2% വർദ്ധിക്കും; 2 ഗഡു കുടിശിക തന്നേക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശിക അനുവദിക്കാൻ സർക്കാരിനും ഇടതുമുന്നണിക്കും മേൽ സമ്മർദ്ദം. അതേസമയം, ഡിസംബറിലെ ദേശീയ വിലസൂചിക അനുസരിച്ച് ഈ മാസം സർക്കാർ ജീവനക്കാർക്ക് 2% ഡി.എ കൂടി വന്നേക്കും. ഇതോടെ ജീവനക്കാരുടെ ഡി.എ 37% ആയി വർദ്ധിക്കും. എന്നാൽ, നൽകുന്നത് 22% മാത്രമാണ്. കുടിശിക 15% ആയി വർദ്ധിക്കും.
കുടിശികയിൽ രണ്ടു ഗഡുവെങ്കിലും ഈ വർഷം തുടക്കത്തിൽ അനുവദിക്കാനാണ് ആലോചിക്കുന്നത്. 2023 ജൂലായ്, 2024 ജനുവരി മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ക്ഷാമബത്തയാകും അനുവദിക്കുക. അത് 6 ശതമാനം വരും. ജനുവരി 29ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ പ്രഖ്യാപിക്കണോ, അതിനുമുമ്പ് പ്രത്യേക പ്രഖ്യാപനമായി വേണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കും. മുൻകാല പ്രാബല്യവും അതനുസരിച്ചുള്ള കുടിശിക തുകയും നൽകാനിടയില്ല.
ഈ മാസം 2 ശതമാനം കൂടി വരുന്നതോടെ കേന്ദ്ര ജീവനക്കാർക്ക് ഡി.എ 60% ആകും. സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ് ഓഫീസർമാർക്ക് മാത്രമാണ് കേന്ദ്ര നിരക്കിൽ ഡി.എ കൃത്യമായി അനുവദിച്ചു പോരുന്നത്.
#ഡി.എ കുടിശിക
കേരളം മുന്നിൽ
ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് ഒന്നാംസ്ഥാനത്താണ് കേരളം. ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനം ഗുജറാത്താണ്. ഗോവ, അസാം, ഉത്തർപ്രദേശ്, ബീഹാർ, മദ്ധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽ പ്രദേശ്, കാശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരുശതമാനം മാത്രമാണ് കുടിശിക. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കേരളം ഒഴികെ എല്ലായിടത്തും രണ്ടുഗഡുവാണ് കുടിശിക.