ജാമ്യം തേടി എൻ.വാസു സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ കേരള ഹൈക്കോടതിയും കൈവിട്ടതോടെ ജാമ്യം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിലനിൽക്കില്ലെന്നാണ് ജാമ്യാപേക്ഷയിലെ വാദം. ഗൂഢാലോചനയിൽ പങ്കില്ല. എസ്.ഐ.ടി അന്വേഷണവുമായി സഹകരിച്ചു. ഇനി ജുഡിഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ പറയുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമർശം നീക്കി കിട്ടാൻ ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇരുവരുടെയും ഹർജികൾ അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും.
സ്വർണപ്പാളിയിൽ നിർണായകം വി.എസ്.എസ്.സിയിലെ ഫലം
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തിയോ അതോ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ച്സ്വർണം ഉരുക്കിയെടുത്തോ എന്ന ചോദ്യത്തിന് വി.എസ്.എസ്.സി ലാബിലെ ശാസ്ത്രീയപരിശോധനാ ഫലം ഉത്തരം നൽകും. ഇപ്പോഴുള്ള പാളികളുടെ കാലപ്പഴക്കമടക്കം പരിശോധിക്കും. സ്വർണത്തിന്റെ അളവും കൃത്യമായി കണ്ടെത്തും. 42.1കിലോ പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് സ്വർണം വേർതിരിച്ച് കട്ടയാക്കിയെന്നാണ് എസ്.ഐ.ടി കോടതിയിൽ നൽകിയ റിപ്പോർട്ട്. എന്നാൽ പുരാവസ്തു ഇടപാടുകാർ പാളികൾ അതേപടി വിദേശത്തേക്ക് കടത്തിയെന്ന നിലയിലേക്കാണ് അന്വേഷണം നീളുന്നത്. രണ്ടുകിലോ സ്വർണം കൊള്ളയടിച്ചെന്നാണ് എസ്.ഐ.ടി തുടക്കം മുതൽ പറയുന്നത്. പ്രഭാമണ്ഡലത്തിലെയും ശ്രീകോവിലിലെയും കൊള്ള കൂടിയാവുമ്പോൾ വ്യാപ്തി ഇനിയുമുയരും. ശാസ്ത്രീയ പരിശോധനാ ഫലം കോടതിയിലാവും എസ്.ഐ.ടി സമർപ്പിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാവും അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നതിലടക്കം ഹൈക്കോടതി തീരുമാനമെടുക്കുക. ‘സുഭാഷ് കപൂർ മാതൃക’യിലുള്ള അന്താരാഷ്ട്ര തട്ടിപ്പിന്റെ സാധ്യതകൾ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ആ വഴിക്കുള്ള അന്വേഷണമാണ് ഇപ്പോൾ നടത്തുന്നത്.