വിനോദിനിക്ക് കൃത്രിമക്കൈ: ചെലവ് ഏറ്റെടുത്ത് സതീശൻ

Saturday 03 January 2026 12:06 AM IST

വിനോദിനി

കൊല്ലങ്കോട് (പാലക്കാട്): ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുള്ള വിനോദിനിക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള ചെലവ് പൂർണമായും ഏറ്റെടുക്കാമെന്ന് അദ്ദേഹം വിനോദിനിയുടെ കുടുംബത്തെ ഫോണിൽ വിളിച്ചറിയിച്ചു.

പുതുവർഷത്തിലും വിനോദിനി സ്‌കൂളിൽ പോകാനാവാതെ വീട്ടിൽ കഴിയുകയാണെന്ന വാർത്തയെ തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ. ഡോക്ടറുടെ നിർദ്ദേശപ്രകാരം റോബർട്ടിക് കൈ വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ഏത് ആശുപത്രിയിലാണെങ്കിലും ചികിത്സയ്ക്കുവേണ്ട ഇടപെടൽ നടത്താമെന്നാണ് പ്രതിപക്ഷനേതാവ് അറിയിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ സെപ്തംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു നിലത്തു വീണ് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയൊടിഞ്ഞത്. അന്നുതന്നെ ചിറ്റൂർ താലൂക്കാശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ടു. വിരലുകളിൽ കുമിള പൊങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു.

പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു. സംഭവത്തിൽ വിനോദിനിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ മാത്രമാണ് കിട്ടിയത്. ചികിത്സാ ചെലവിന് സമീപിച്ചിട്ടും സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്നാണിത്. കൃതിമ കൈ വയ്ക്കാൻ ധനസഹായം ആവശ്യപ്പെട്ട് ജില്ലാകളക്ടർ മുഖേന മുഖ്യമന്ത്രിക്ക് കുട്ടിയുടെ രക്ഷിതാക്കൾ നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. തുടർന്നാണ് പ്രതിപക്ഷ നേതാവ് സഹായ ഹസ്തവുമായി എത്തിയത്.