ഖ്വാജ കളി നിറുത്തുന്നു

Friday 02 January 2026 11:09 PM IST

ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റർ ഉസ്മാൻ ഖ്വാജ വിരമിക്കുന്നു

സിഡ്നി : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാക് വംശജനായ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖ്വാജ. നാളെ സിഡ്നിയിൽ തുടങ്ങുന്ന ഈ ആഷസ് പരമ്പരയിലെ അവസാനമത്സരത്തോടെ താൻ കളിക്കളത്തിൽ നിന്ന് മടങ്ങുകയാണെന്ന് ഖ്വാജ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

15 വർഷത്തോളമായി ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ അംഗമായിരുന്ന ഖ്വാജയുടെ 88-ാമത് ടെസ്റ്റ് മത്സരമാകും സിഡ്നിയിലേത്. 39 കാരനായ ഖ്വാജയാണ് നിലവിലെ ഓസീസ് ടീമിലെ ഏറ്റവും പ്രായമേറിയ താരം. പാകിസ്ഥാനിൽ ജനിച്ച് സിഡ്നിയിൽ വളർന്ന ഇടംകയ്യൻ ബാറ്ററായ ഖ്വാജ 2011ലാണ് ഓസീസ് ടെസ്റ്റ് ടീമിൽ അരങ്ങേറിയത്. കരിയറിന്റെ തുടക്കത്തിൽ ടീമിൽ സ്ഥാനമുറപ്പിക്കാൻ ബുദ്ധിമുട്ടിയെങ്കിലും 2021-22 ആഷസ് പരമ്പരയിലെ സിഡ്നി ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയതോടെ ടീമിലെ പ്രധാനിയായി. അതിന് ശേഷം ഇതുവരെ നടന്ന ടെസ്റ്റുകളിൽ ഓസീസിനായി ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത ബാറ്ററാണ് ഖ്വാജ.

ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിലെ ആദ്യ മുസ്‌ലിം താരമായ ഖ്വാജ വംശീയ വിദ്വേഷത്തിനെതിരെ പരസ്യമായ നിലപാടുകൾ സ്വീകരിക്കുകയും കുടിയേറ്റ പശ്ചാത്തലത്തിൽ നിന്നുള്ള താരങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് ഓസ്ട്രേലിയൻ ടീമിൽ കളിക്കാൻ സാധിക്കില്ലെന്ന് തുടക്കത്തിൽ പലരും വിമർശിച്ചിട്ടുണ്ടെന്നും അതിനുള്ള മറുപടിയാണ് 15 വർഷം നീണ്ട തന്റെ കരിയറെന്നും വിരമിക്കൽ പ്രഖ്യാപിക്കാനായി നടത്തിയ പത്രസമ്മേളനത്തിൽ ഖ്വാജ പറഞ്ഞു.

ഉസ്മാൻ ഖ്വാജ കരിയർ ഗ്രാഫ്

87 ടെസ്റ്റുകൾ, 6206 റൺസ്, 232 ഉയർന്ന സ്കോർ,16 സെഞ്ച്വറികൾ, 28 അർദ്ധസെഞ്ച്വറികൾ

40 ഏകദിനങ്ങൾ 1554 റൺസ് 104 ഉയർന്ന സ്കോർ 2 സെഞ്ച്വറികൾ, 12 അർദ്ധസെഞ്ച്വറികൾ

9 ഏകദിനങ്ങൾ 241 റൺസ് 58 ഉയർന്ന സ്കോർ 1അർദ്ധസെഞ്ച്വറി

2011 ജനുവരിയിൽ സിഡ്നിയിൽ ഇംഗ്ളണ്ടിന് എതിരെ ടെസ്റ്റ് അരങ്ങേറ്റം.

2026 ജനുവരിയിൽ സിഡ്നിയിൽ ഇംഗ്ളണ്ടിന് എതിരെതന്നെ അവസാന ടെസ്റ്റും .

2013 ജനുവരിയിൽ ശ്രീലങ്കയ്ക്ക് എതിരെ മെൽബണിൽ ഏകദിന അരങ്ങേറ്റം.

2019 ജൂലായ്‌യിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മാഞ്ചസ്റ്ററിൽ അവസാന ഏകദിനം.

2016 ജനുവരിയിൽ സിഡ്നിയിൽ ഇന്ത്യയ്ക്ക് എതിരെ ട്വന്റി-20 അരങ്ങേറ്റം.

2016 സെപ്തംബറിൽ ശ്രീലങ്കയ്ക്ക് എതിരെ കൊളംബോയിൽ അവസാന ട്വന്റി-20.

ആസ്വാദകരെ സന്തോഷിപ്പിച്ചിരുന്ന വിനീതനായ ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഓർമ്മിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം.

- ഉസ്മാൻ ഖ്വാജ.